വിശപ്പിന്റെ വിളി

വിശപ്പിന്റെ വിളി

എനിക്ക് ദാഹവും വിശപ്പും തോന്നുന്നു.
ഈ ലോകത്തിൽ ഞാൻ മാത്രമാണ് ഈ വേളയിൽ വിശപ്പിന്റെ വിളി കേട്ടതെന്ന്‌ എനിക്കു തോന്നി.
ഏതോ പൂർവ്വജൻമത്തിൽ നടന്ന സംഭവകഥ പോലെ , എന്നാൽ ഒരു കിനാവു പോലെ എന്റെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നു ;
“ഏതൻതോട്ടം”
അതേ, ദൈവത്തിന്റെ തോട്ടം! അവരുടെ ഫലഭുവിഷ്‌ടമായ ഖജനാവ്‌ !
ആപ്പിളും മുന്തിരിയും നാരകവും എല്ലാം പൂത്തും കായ്ച്ചും നിൽക്കുന്നു.
പേരറിയാത്ത, ഞാൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത കായ്കനികളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
കുട്ടിക്കാലത്ത്‌ അമ്മ പറഞ്ഞു കേട്ട , ദൈവത്തിന്റ തോട്ടത്തിൽ മാത്രം കാണുന്ന കൽപ്പവൃക്ഷത്തെ ഞാൻ ആദ്യം തിരഞ്ഞു.
അടർന്നുവീണ  തൊണ്ടുകളിൽ ഞാൻ സൂക്ഷിച്ചു നോക്കി …
മൺമറഞ്ഞ പൂർവ്വികരെ ഞാൻ അവിടെ കണ്ടു.
കൽപ്പവൃക്ഷത്തിന്റെ ഓരോ തൊണ്ടും ഓരോ ജീവന്റെ ബാക്കി പത്രമാണ്.
ഓരോ മരണത്തിലും കൽപ്പവൃക്ഷത്തിന്റെ ഓരോ തൊണ്ടു കൊഴിയുന്നു.
അവ എന്നെ നോക്കി കണ്ണു ചിമ്മുന്നുണ്ടായിരുന്നു!

എന്റെ വിശപ്പിന്റെ വിളി ശമിച്ചിട്ടില്ല, ആപ്പിളും നാരകവും ഞാൻ കൗതുകത്തോടെ നോക്കി.
എന്നാൽ അവിടെ വേറെയും ആൾക്കാർ ഉണ്ടെന്ന് ഞാൻ ദൂരെ നിന്ന് കണ്ടു. അവരും എന്നേ പോലെ വിശപ്പിന്റെ വിളി കേട്ടിരുന്നെന്ന് എനിക്കു മനസ്സിലായി.
‘ഇവിടെ ഒളിച്ചിരിക്കാം ആരും കാണാതെ..പക്ഷേ എനിക്കു അവരെ കാണണം , അവർ ആസ്വദിച്ചു കായ്കനികൾ ഭക്ഷിക്കുന്നത്‌ കാണണം, എന്നെ മാത്രം ആരും കാണണ്ട ! ‘
എനിക്ക്‌ഷ്ടപ്പെട്ട കനികൾ ആവോളം കഴിക്കണം…പുതുരുചി നുണയണം…നീരുറവയിലെ വെള്ളം കുടിക്കണം …ഒരു മനുഷ്യായുസ്സിന്റെ ദാഹം തീർക്കണം…
പുത്തനുണർവ് നേടണം …
പിന്നെ മടങ്ങണം , എന്റെ ലോകത്തേക്ക്…
അവിടെ ഒരുപാട് അദ്ധ്വാനിക്കണം ;
“വിശപ്പിന്റെ വിളികളില്ലാതെ”… !!!

—- താര രത്ന നീലേശ്വരം.

കടപ്പാടു്

Advertisements
Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

ദൈവം പകിട കളിക്കുകയാണ്‌

അശോകന്‍ ഞാറക്കല്‍

വിവര വിപ്ലവയുഗത്തിലെ ആഗോള മുതലാളിത്തത്തിന്റെ അഗാധമായിക്കൊണ്ടിരിക്കുന്ന ആന്തരിക വൈരുദ്ധ്യങ്ങളിലേക്ക്‌ വൈരുദ്ധ്യാത്മകമായ ഒരു ഉള്‍ക്കാഴ്‌ച നല്‍കുന്നുണ്ട്‌ ആധുനികശാസ്‌ത്രം.

ശാസ്‌ത്രത്തില്‍ പുതുവഴികള്‍ വെട്ടിത്തുറന്ന ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും മഹാനായ ശാസ്‌ത്രജ്ഞനുമായ പ്രൊഫ. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍, പുതുവഴികള്‍ വെട്ടിത്തുറന്ന മറ്റൊരു ശാസ്‌ത്രസിദ്ധാന്തമായ ക്വാണ്ടം മെക്കാനിക്‌സിന്റെ (കൃത്യമായി പറഞ്ഞാൽ ക്വാണ്ടം മെക്കാനിക്സിന്റെ ഭാഗമായ സംഭാവ്യതാ സിദ്ധാന്തത്തിന്റെ) വിമര്‍ശകനായിരുന്നു. അദ്ദേഹം ഒരിക്കല്‍ എഴുതി: “അദ്ദേഹം (അതായത്‌ ദൈവം) പകിട കളിക്കുകയല്ല എന്ന്‌ എനിക്ക്‌ പൂര്‍ണ്ണബോദ്ധ്യമുണ്ട്‌.” ക്വാണ്ടം ബലതന്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളോട്‌ തനിക്കുള്ള ദാര്‍ശനികമായ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചുകൊണ്ട്‌, അവയുടെ ശക്തനായ പിന്തുണക്കാരനും തന്റെ സഹശാസ്‌ത്രജ്ഞനുമായ പ്രൊഫ. മാക്‌സ്‌ ബോണി(Max Born)നെഴുതിയ കത്തിലാണ്‌ ഐന്‍സ്റ്റീന്‍ ഇങ്ങനെ എഴുതിയത്‌. ശാസ്‌ത്രസമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കാന്‍ പല ദശകങ്ങള്‍ വേണ്ടിവന്നുവെങ്കിലും പരീക്ഷണഫലങ്ങള്‍ നല്‍കിയ അനിഷേധ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍, ഒടുവില്‍ ക്വാണ്ടം ബലതന്ത്രത്തിന്റെ പ്രമാണങ്ങള്‍ ശരി തന്നെയെന്നു തെളിയിക്കപ്പെട്ടു. പ്രൊഫ: നീല്‍സ്‌ ബോര്‍ (Neils Bohr) പറഞ്ഞു: “ക്വാണ്ടം സിദ്ധാന്തത്തെ ആദ്യം അറിഞ്ഞപ്പോള്‍ ഞെട്ടല്‍ അനുഭവപ്പെട്ടിട്ടില്ലാത്തവര്‍ക്ക്‌ മിക്കവാറും അതു മനസ്സിലായിട്ടുണ്ടാവില്ല.” ഇന്ന്‌ ക്വാണ്ടം ബലതന്ത്രം ആധുനിക ഭൗതികത്തിലെ ഒറു സുസ്ഥാപിത ശാഖ തന്നെയാണ്‌. ഐന്‍സ്റ്റീന്‍ ഉന്നയിച്ച ദാര്‍ശനികമായ ചോദ്യങ്ങള്‍ക്ക്‌ വിഖ്യാത ശാസ്‌ത്രജ്ഞനായ പ്രൊ: സ്റ്റീഫന്‍ ഹ്വോക്കിംഗ്‌ മറുപടി പറഞ്ഞത്‌ ഇങ്ങനെയാണ്‌. “ദൈവം പകിട കളിക്കുക മാത്രമല്ല ചെയ്യുന്നത്‌, ചിലപ്പോഴൊക്കെ കാണപ്പെടാനാവാത്ത സ്ഥാനങ്ങളിലേക്ക്‌ അദ്ദേഹം പകിട വലിച്ചെറിയുക പോലും ചെയ്യുന്നു.”

ഈ ശാസ്‌ത്രജ്ഞന്മാര്‍ ദൈവത്തിന്റെ അസ്‌തിത്വത്തേയോ അസ്‌തിത്വമില്ലായ്‌മയേയോ കുറിച്ച്‌ വെറുതെ അഭ്യൂഹങ്ങള്‍ നടത്തുകയായിരുന്നില്ല. സാധാരണ ഭാഷാ പ്രയോഗങ്ങളിലൂടെ ആധുനിക ക്വാണ്ടം ഭൗതികത്തിന്റെ ലോകവീക്ഷണത്തെ വിശദീകരിക്കുകയായിരുന്നു അവര്‍. പൂര്‍വ്വനിശ്ചിതമായ ഒരു പദ്ധതിയുടെ കൃത്യത പാലിച്ചുകൊണ്ടാണ്‌ ലോകം ചലിക്കുന്നതെന്നും ബന്ധപ്പെട്ട അസ്ഥിര സൂചകങ്ങളുടെ കൃത്യമായ മൂല്യം ലഭിക്കുകയാണെങ്കില്‍ ഭാവിയിലെ ഏതൊരു സ്ഥാനത്തേയും സംബന്ധിച്ച സൂക്ഷ്‌മവിശദാംശങ്ങള്‍ വരെ കണക്കു കൂട്ടി കണ്ടുപിടിക്കാനാവുമെന്നുമുള്ള ന്യൂട്ടോണിയന്‍ സങ്കല്‌പനത്തെ ആധുനികശാസ്‌ത്രം ഇപ്പോള്‍ അംഗീകരിക്കുന്നതേയില്ല. എങ്കിലും ഭാവിപൂര്‍ണ്ണമായും പ്രവചനാതീതമാണെന്ന്‌ അതിനര്‍ത്ഥമില്ല. അങ്ങനെയാണെങ്കില്‍ ശാസ്‌ത്രവും അതിന്റെ അടിസ്ഥാനത്തിലുള്ള ദീര്‍ഘദര്‍ശനങ്ങളും മുന്നറിയിപ്പുകളുമെല്ലാം അര്‍ത്ഥരഹിതമാവുകയും ക്വാണ്ടം ബലതന്ത്രം ഉള്‍പ്പെടെയുള്ള ശാസ്‌ത്രജ്ഞാനത്തെ പിന്തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നു വരികയും ചെയ്യും.

ആധുനികശാസ്‌ത്രം പറയുന്നത്‌ ക്വാണ്ടം ബലതന്ത്രത്തിന്റെ പരിമിത അനിശ്ചിതത്വവാദ തത്വ (principle of bounded indeterminism)മാണ്‌ ഭൗതികലോകത്തെ ഏറെ പ്രതിഭാസങ്ങളേയും നിയന്ത്രിക്കുന്നതെന്നാണ്‌. ഒരു സംഗതിയേയും കേവലമായ സുനിശ്ചിതത്വത്തോടെ പ്രവചിക്കാനോ മുന്‍കൂട്ടി കാണാനോ കഴിയില്ലെന്നതാണ്‌ അതിന്റെ അടിസ്ഥാനതത്വം. വിശദവും സുചിന്തിതവുമായ പദ്ധതികളിലൂടെ ഭാവിയെ വലിയൊരളവു വരെ സ്വാധീനിക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും യാദൃശ്ചികതയുടേതായ ഒരു ഘടകം എപ്പോഴും നിലനില്‌ക്കുന്നുണ്ടാവും. അതുകൊണ്ടാണ്‌ `ദൈവത്തിന്റെ പകിടകളി”യെ സംബന്ധിച്ച അഭിപ്രായ പ്രകടനം ഉണ്ടാവുന്നത്‌. തത്വശാസ്‌ത്രപരമായി ഇത്‌ `വിധി’യുടേയോ `ദൈവേച്ഛ’യുടേയോ പ്രയോജനവാദപരമായ ഏതെങ്കിലും നിര്‍ണ്ണയവാദത്തിന്റേയോ (teleological determinism) അസ്‌തിത്വത്തെ നിരാകരിക്കുന്നുണ്ട്‌. കര്‍ക്കശമായ നിര്‍ണ്ണയവാദം അടിച്ചേല്‌പിക്കുന്ന ഏകപക്ഷീയമായ നിയന്ത്രണങ്ങളില്‍ നിന്നും സ്വതന്ത്രമനസ്സിനെ അതു വിമുക്തമാക്കുന്നു. ചുരുക്കത്തില്‍ നാം കാണുന്നത്‌ ലോകത്തെ രൂപപ്പെടുത്തുന്നതില്‍ യാദൃശ്ചികതയും അനിവാര്യതയും പ്രകടിപ്പിക്കുന്ന പാരസ്‌പര്യമാണ്‌.

യാദൃശ്ചികതയും അനിവാര്യതയും സമൂഹത്തിലും സമ്പദ്‌ക്രമത്തിലും
ഈ ദ്വന്ദങ്ങള്‍ -യാദൃശ്ചികതയും അനിവാര്യതയും- തമ്മിലുള്ള പരസ്‌പരപ്രതിപ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകരണവും കേന്ദ്രീകരണവും തമ്മിലുളള പ്രത്യക്ഷസംഘര്‍ഷങ്ങളായി സമൂഹത്തിലും സമ്പദ്‌ക്രമത്തിലും പ്രകടമാവുന്നുണ്ട്‌. വികേന്ദ്രീകരണവും കേന്ദ്രീകരണവും എല്ലായ്‌പ്പോഴും പരസ്‌പരം അകറ്റിനിര്‍ത്തപ്പെടുന്നവയല്ലെന്നും മറിച്ച്‌ അവിഭാജ്യമായ ഒന്നിന്റെ (whole) വൈരുദ്ധ്യാത്മക പ്രകാശനമാണെന്നുമുള്ള കാര്യം എപ്പോഴും സ്‌പഷ്ടമായിക്കൊള്ളണമെന്നില്ല. സമൂഹത്തിന്റേയും സമ്പദ്‌ക്രമത്തിന്റേയും മാര്‍ഗ്ഗനിര്‍ദ്ദേശകതത്വം എന്ന നിലയില്‍ ജനാധിപത്യകേന്ദ്രീകരണത്തെ സാക്ഷാത്‌ക്കരിക്കാനാവും വിധം രണ്ടിന്റേയും അതിര്‍വരമ്പുകള്‍ പ്രകടമാവാത്ത തരത്തിലുള്ള ഉദ്‌ഗ്രഥനം സാധ്യമാവുക എന്നതാണ്‌ യഥാര്‍ത്ഥത്തില്‍ ആവശ്യമായിരിക്കുന്നത്‌. വികേന്ദ്രീകരണം അഥവാ സ്വാതന്ത്ര്യം, “മൃഗചോദന”കളെ, യാദൃശ്ചികതാ ഘടകത്തെ വിമുക്തമാക്കുമ്പോള്‍, കേന്ദ്രീകരണം വിപുലമായ സമൂഹത്തിന്റെ താല്‌പര്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടി നിയമത്തിന്റെ അടിസ്ഥാനത്തിലുളള ചട്ടക്കൂട്‌, അനിവാര്യതാ ഘടകം ഉറപ്പു വരുത്തുന്നു. ലോകമെമ്പാടുള്ള അനുഭവങ്ങള്‍ കാണിക്കുന്നത്‌ ഉചിതമായ, സ്ഥാപനപരമായ ചട്ടക്കൂടില്ലാതെ മൃഗചോദനകളെ വിമുക്തമാക്കാനാവില്ല എന്നാണ്‌. അല്ലാത്ത പക്ഷം മൊത്തത്തിലുള്ള അരാജകത്വമായിരിക്കും ഫലം. ഇന്നു വരേക്കുമുളള അനുഭവങ്ങള്‍ വച്ചുനോക്കുമ്പോള്‍ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരമൊരു ചട്ടക്കൂടു രൂപപ്പെടുത്താന്‍ ഒരു ഉദ്യോഗസ്ഥമേധാവിത്ത ഭരണകൂടത്തിനു മാത്രമേ സാദ്ധ്യമാവൂ. തിര്‍ച്ചയായും, പലപ്പോഴും സ്വതന്ത്രമനസ്സുകളുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുന്ന ഒന്നായി അത്‌ അധഃപതിക്കുകയോ ജീര്‍ണ്ണിക്കുകയോ ചെയ്യാറുണ്ട്‌……… തികവുറ്റ ഒരു സ്വതന്ത്ര വിപണിയില്‍ പ്രവര്‍ത്തിക്കുന്ന അദൃശ്യഹസ്‌തം ഈ ഉദ്യോഗസ്ഥമേധാവിത്ത ഭരണകൂട ഘടനയേക്കാള്‍ മെച്ചപ്പെട്ട ഒരു ബദല്‍ ആയിരിക്കുമെന്ന്‌ ആദം സ്‌മിത്ത്‌ (Adam Smith) പ്രതീക്ഷ പുലര്‍ത്തിയിരുന്നു. അതുകൊണ്ട്‌ തികച്ചും സ്വതന്ത്രമായ ഒരു വിപണിയില്‍ സ്വന്തം സ്വാര്‍ത്ഥതാല്‌പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, “ഈ ലക്ഷ്യത്തിന്റെ ഭാഗമേയല്ലാത്ത മറ്റൊരു ഫലത്തിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു അദൃശ്യഹസ്‌തത്താല്‍ നയിക്കപ്പെടുമെന്നും” അത്‌ സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വാദിച്ചു.

ആദം സ്‌മിത്തിന്റെ കാലത്തു നിന്നും കാര്യങ്ങള്‍ വളരെയേറെ മാറിയിട്ടുണ്ട്‌. സാങ്കേതിക പുരോഗതിയും കഴുത്തറുപ്പന്‍ മത്സരവും ലോകമെമ്പാടുമുളള കുത്തകകളുടെ വളര്‍ച്ചക്ക്‌ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. ഭരണകൂടവും കുത്തകകളും തമ്മില്‍ കൈ കോര്‍ക്കുന്നത്‌ ഇന്നൊരു സ്വാഭാവിക നിയമമാണ്‌; അല്ലാതെ ഒറ്റപ്പെട്ട അപവാദമല്ല. സ്വതന്ത്ര വിപണയിലെ അദൃശ്യഹസ്‌തത്തിന്റെ പ്രവര്‍ത്തനങ്ങളെ കുത്തകകള്‍ എങ്ങനെയാണു വഞ്ചനാപരമായി കൈകാര്യം ചെയ്യുന്നതെന്നതിന്റെ തെളിവ്‌ സമൂഹത്തിലെ താഴ്‌ന്ന വിഭാഗക്കാരുടേയും ഉയര്‍ന്ന വിഭാഗക്കാരുടേയും വരുമാനങ്ങള്‍ക്കിടയിലെ പെരുകിക്കൊണ്ടിരിക്കുന്ന വ്യത്യാസത്തില്‍ ദൃശ്യമാണ്‌. കുത്തക കോര്‍പ്പറേഷനുകളുടെ നേതൃത്വസ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്ന അതിഭീമമായ എക്‌സിക്യൂട്ടീവ്‌ ശമ്പളത്തിന്റെ വലിപ്പത്തിലും ഇതു തന്നെ കാണാം. സ്വതന്ത്രവിപണിയെ തുറന്നു തന്നെ പിന്താങ്ങുന്ന `ദി ഇക്കണോമിസ്റ്റ്‌’ എന്ന വാരിക നിരാശ പ്രകടിപ്പിച്ചുകൊണ്ട്‌ ഇങ്ങനെ എഴുതി: “സമ്പന്നരില്‍ ഭൂരിഭാഗം പേരും സമ്പത്തുണ്ടാക്കിയത്‌ അവരുടെ പ്രാഗത്ഭ്യം കൊണ്ടു തന്നെയാണെന്നും, ഏറ്റവും ചുരുങ്ങിയത്‌ അധികാരം ദുര്‍വ്വിനിയോഗം നടത്താതെയെങ്കിലുമാണെന്നും, സാധാരണക്കാര്‍ക്കും അങ്ങനെ സമ്പന്നരാവുക സാദ്ധ്യമാണെന്നും ആളുകള്‍ക്കു തോന്നുന്നിടത്തോളം കാലം അസമത്വം വലിയ പ്രശ്‌നമല്ല. പക്ഷേ, അവിടെയാണു പ്രധാനകാര്യം. ഭീമമായ ഈ വരുമാനത്തിന്റേയും സമ്പത്തിന്റേയും വലിയ പങ്കും നേടിയത്‌ അധികാരത്തെ ദുരുപയോഗിച്ചുകൊണ്ടാണെന്നും ചില കാര്യങ്ങളില്‍ അതു നിലനിര്‍ത്തുന്നതും സംരക്ഷിക്കുന്നതും അധികാരത്തിലിരിക്കുന്ന ധനശേഷിയെ ഉപയോഗപ്പെടുത്തിക്കൊണ്ടാണെന്നുമുളള വസ്‌തുതയാണ്‌ യഥാര്‍ത്ഥത്തില്‍ ആപത്‌ക്കരമായിരിക്കുന്നത്‌. ഈ കാഴ്‌ചപ്പാട്‌ വലിയ തോതില്‍ ശരിയാണെന്നതാണ്‌ സ്ഥിതി കൂടുതല്‍ വഷളാക്കുന്നത്‌” (The Economist, June 6, 2003- A Survey of Capitalism and Democracy)

ആദം സ്‌മിത്തിന്റെ കാലത്തെ തുടര്‍ന്ന്‌ വിപണി സമ്പദ്‌ക്രമത്തിനുണ്ടായ പരിണാമത്തിന്റെ ചുരുക്കം ഇതാണ്‌. കുത്തകകള്‍ ഇന്നത്തെ നിയമവും വ്യവസ്ഥയുമായിരിക്കുന്നു; അതിനെ നിയന്ത്രിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു. അതിനേക്കാള്‍ മോശമായി രാഷ്ട്രീയക്കാരും ബിസിനസ്സുകാരും തമ്മിലുള്ള അടുത്ത ബന്ധവും കുറ്റവാളികള്‍ തന്നെയായ കോര്‍പ്പറേറ്റ്‌ ശക്തികളെ സഹായിക്കാന്‍ രാഷ്ട്രീയക്കാര്‍ കാണിക്കുന്ന അമിത താല്‌പര്യവും ചേര്‍ന്ന്‌ പ്രാതിനിധ്യ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തുരങ്കം വക്കുകയാണ്‌.

വ്യത്യസ്‌ത സംഭവവികാസങ്ങളും ത്വരിതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യാ വിപ്ലവവും തമ്മിലുളള പരസ്‌പര പ്രവര്‍ത്തനങ്ങളുടെ വൈരുദ്ധ്യാത്മകത കുത്തകാധികാരത്തിന്റെ അതിഭീമമായ വളര്‍ച്ചയോടൊപ്പം നിലച്ചുപോകുന്നില്ല. ഭീകരവാദത്തോടു പോരാടുന്നതിന്റെ മറവില്‍, ബയോ മെട്രിക്‌ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്‌ പൗരന്മാരെ സൂക്ഷ്‌മനിരീക്ഷണം ചെയ്യാനുളള സംവിധാനങ്ങള്‍ അതിവേഗം കൈക്കൊള്ളുന്നതിലേക്ക്‌ വിവിധ രാജ്യങ്ങളെ എത്തിച്ചിരിക്കുന്നു എന്നതാണതിന്റെ ഒരു ഫലം. ഇതിനൊപ്പം ബന്ധപ്പെട്ട സാങ്കേതികവിദ്യകളും കൂടി ചേരുമ്പോള്‍ ജനങ്ങളുടെ മേല്‍ വളരെ വലിയ അധികാരങ്ങള്‍ പ്രയോഗിക്കാനുള്ള അവസരമാണ്‌ ഭരണകൂടത്തിനു കൈ വരുന്നത്‌. ജോര്‍ജ്ജ്‌ ഓര്‍വെല്ലിന്റെ ആന്റി ഉട്ടോപ്യന്‍ നോവലുകളില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളതു പോലെയുള്ള ഒരവസ്ഥയിലേക്ക്‌ ഭരണകൂടങ്ങള്‍ പരിവര്‍ത്തിക്കുകയാണ്‌. എല്ലാ മനുഷ്യരുടേയും ഏറ്റവും സ്വകാര്യമായ ചെയ്‌തികള്‍ പോലും ഭരണകൂടത്തിനു മുന്നില്‍ സുതാര്യമായിരിക്കുന്നു. സാമ്പ്രദായിക അര്‍ത്ഥത്തില്‍ വിസമ്മതിക്കാനോ വിയോജിക്കാനോ ഉള്ള സാദ്ധ്യതകള്‍ കൂടുതല്‍ പരിമിതമാക്കപ്പെട്ടിരിക്കുന്നു. സ്വകാര്യത വെറും ഒരു മിഥ്യയാണ്‌. ഭരണകൂടവും കോര്‍പ്പറേറ്റ്‌ മേധാവികളും തമ്മിലുള്ള സഖ്യം പ്രത്യക്ഷത്തില്‍ തന്നെ ബഹുജനങ്ങള്‍ക്കു മേല്‍ നിഗ്രഹാനുഗ്രഹശേഷിയുള്ള സര്‍വ്വജ്ഞവും സര്‍വ്വശക്തവുമായ, ഒരു അര്‍ദ്ധ ദൈവസമാനമായ അസ്‌തിത്വമായി രൂപപ്പെട്ടിരിക്കുന്നു.

എങ്കിലും പകിടകളി ഇവിടം കൊണ്ട്‌ അവസാനിക്കുന്നില്ല. മാറ്റങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നതും യാദൃശ്ചികസംഭവങ്ങളുടെ അനന്തരഫലങ്ങളുടെ നടുക്കം സൃഷ്ടിക്കാന്‍ പോന്ന സങ്കീര്‍ണ്ണതകളും പുതിയ തീരുമാനങ്ങളെടുക്കുവാന്‍ ഭരണവര്‍ഗ്ഗങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഭൂരിപക്ഷവിഭാഗങ്ങളില്‍ നിന്നും വ്യക്തികളെ സ്വന്തം കൂട്ടത്തിലേക്കെടുത്തുകൊണ്ട്‌ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഇടക്കിടെ അവര്‍ ശ്രമിക്കുന്നുണ്ട്‌. പക്ഷെ, തീരുമാനങ്ങളെടുക്കുന്നതിന്റെ ഭാരം ഇങ്ങനെ പരിഹരിക്കുവാനാവില്ല. യാദൃശ്ചികതയും അനിവാര്യതയുമെന്ന രണ്ടു വിരുദ്ധ ദ്വന്ദങ്ങളുടെ പരസ്‌പര പ്രതിപ്രവര്‍ത്തനത്തെ തുടര്‍ന്ന്‌ പൂര്‍ണ്ണമായും സുതാര്യമായ, ജനങ്ങള്‍ക്ക്‌ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പ്രാപ്യമായ ഒരു സര്‍ക്കാര്‍ വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നവരുന്നു. അത്തരമൊരു സര്‍ക്കാരില്‍ ഭരണകര്‍ത്താക്കളും ഭരണീയരും തമ്മിലുള്ള പ്രവൃത്തിവിഭജനം സാവധാനത്തില്‍ ഇല്ലാതാക്കപ്പെടും. സാങ്കേതികവിദ്യാ വിപ്ലവം അത്‌ സാദ്ധ്യമാക്കിയിട്ടുണ്ട്‌. വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ അത്തരമൊരു സാദ്ധ്യതയിലേക്കാണു വിരല്‍ ചൂണ്ടുന്നത്‌. മറ്റൊരു ബദല്‍ ഇല്ല തന്നെ. വര്‍ത്തമാന ലോകത്തിന്റെ കുഴഞ്ഞുമറിഞ്ഞ അവ്യവസ്ഥയില്‍ നിന്നും ക്രമവും വ്യവസ്ഥയും പണിതുയര്‍ത്താന്‍ മനുഷ്യരാശിക്കു മുന്നില്‍ അത്തരമൊരു വഴി മാത്രമേയുള്ളൂ. ദൈവം പിന്നെയും പകിട കളിച്ചുകൊണ്ടിരിക്കും; പക്ഷേ, സ്വര്‍ഗ്ഗകവാടങ്ങളെ കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചു തകര്‍ക്കുന്നതില്‍ മനുഷ്യന്‍ വിജയം നേടുക തന്നെ ചെയ്യും. അത്തരമൊരു പരിവര്‍ത്തനം മനുഷ്യരാശി എങ്ങനെയാണു നേടിയെടുക്കുക എന്നതാണ്‌ വര്‍ത്തമാന രാഷ്ട്രീയത്തിന്റെ വെല്ലുവിളി.

സര്‍ക്കാരിന്റേയും കോര്‍പ്പറേറ്റുകളുടേയും കാര്യത്തില്‍ പൂര്‍ണ്ണമായ സുതാര്യത കൈവരുത്തുന്ന വിപ്ലവകരമായ അത്തരമൊരു പരിവര്‍ത്തനത്തിന്‌ കടുത്ത എതിര്‍പ്പിനെ നേരിടേണ്ടിവരും. എക്‌സിക്യൂട്ടീവ്‌ അധികാരമില്ലാത്ത ഡയറക്‌റ്റര്‍മാര്‍ക്ക്‌ ശരിയായ സ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ടും ഡയറക്‌റ്റര്‍മാരുടെ വേതനവ്യവസ്ഥ സുതാര്യമാക്കുകയും കാര്യനിര്‍വ്വഹണം മെച്ചപ്പെടുത്തുകയും വേണമെന്ന പരിമിതമായ നിര്‍ദ്ദേശങ്ങള്‍ പോലും അതിരൂക്ഷമായ എതിര്‍പ്പിനെ നേരിടേണ്ടിവന്നിരിക്കുന്ന പശ്ചാത്തലത്തില്‍ നേരത്തെ പറഞ്ഞ വിപ്ലവപരമായ പരിവര്‍ത്തനം നേരിടേണ്ടിവരുന്ന എതിര്‍പ്പ്‌ എത്രയായിരിക്കുമെന്നു കണക്കാക്കാവുന്നതാണ്‌. ഇക്കാര്യത്തിലുണ്ടാവുന്ന കര്‍ക്കശമല്ലാത്ത നിര്‍ദ്ദേശങ്ങള്‍ പോലും, അവ കീഴ്‌വഴക്കങ്ങള്‍ക്കോ നിയമങ്ങള്‍ക്കു തന്നെയുമോ വഴി വച്ചേക്കുമെന്ന പേരില്‍ എതിര്‍ക്കപ്പെടുകയാണ്‌. അപ്പോഴും പൂര്‍ണ്ണമായ സുതാര്യതക്കു വേണ്ടിയുള്ള മാറ്റങ്ങള്‍ സമാധാനപരമായ മാര്‍ഗ്ഗത്തിലൂടെയാണോ അല്ലെങ്കില്‍ ബലപ്രയോഗത്തിലൂടെയാണോ സാധ്യമാവുക എന്ന ചോദ്യത്തിനു ഉത്തരം കാണാന്‍ പകിട കളിച്ചുതന്നെ തീരുമാനിക്കണമെന്നതാണു സ്ഥിതി. ഭാവിയില്‍ ചുരുളഴിയാനിരിക്കുന്ന സംഭവങ്ങള്‍ക്കു മാത്രമേ അതേക്കുറിച്ചു പറയാനാവൂ. എങ്കിലും ഒരു കാര്യം സുനിശ്ചിതമാണ്‌. കൂടുതല്‍ കുഴമറിച്ചിലുകളിലേക്കുള്ള നീക്കങ്ങള്‍ തടഞ്ഞേ പറ്റൂ. ഈ കുഴഞ്ഞുമറിയുന്ന അനിശ്ചിതത്വം ഒരു തമോഗര്‍ത്തമായി അഥവാ പ്രാകൃതമായ അപരിഷ്‌കൃതത്വമായി മാറും മുമ്പ്‌ ഒരുക്രമവും വ്യവസ്ഥയും നമുക്കു സൃഷ്ടിച്ചെടുത്തേ പറ്റൂ.

അറിവിന്റെ വൃക്ഷത്തില്‍ നിന്നും അറിവിന്റെ സാങ്കേതികവിദ്യയിലേക്ക്‌
ചിലയാളുകള്‍ ഇതിനെ മറ്റൊരു അഭ്യൂഹം മാത്രമായി കണക്കാക്കിയേക്കാമെങ്കില്‍ പോലും, മനുഷ്യന്‌ അവന്റെ നിഷ്‌ക്കളങ്കത നഷ്ടപ്പെടുകയും അതേ തുടര്‍ന്ന്‌ ഏദന്‍ തോട്ടത്തില്‍ നിന്നും അവന്‍ പുറത്താക്കപ്പെടുകയും ചെയ്‌തതിനെപ്പറ്റിയുള്ള ബൈബിള്‍ കഥയില്‍ നമ്മുടെ സമകാലീനയുഗത്തിനു പറ്റിയ സാരോപദേശങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നു തോന്നുന്നു. വ്യക്തികള്‍ പറയുന്ന നുണകളോ, നടത്തുന്ന ചതിയോ, വഞ്ചനയോ, മറച്ചുവക്കലോ, നഗ്നമായ സ്വാര്‍ത്ഥപ്രവര്‍ത്തനങ്ങളോ കാരണമായി ഉണ്ടാവുന്ന സാമൂഹികപ്രശ്‌നങ്ങളെ പഴയ കാലത്തെ പ്രവാചകന്മാര്‍ എങ്ങനെയാണു നോക്കിക്കണ്ടതെന്ന്‌ അതു വിശദീകരിക്കുന്നുണ്ട്‌. ഉല്‌പത്തി പുസ്‌തകത്തിലെ കഥ ഇങ്ങനെയാണ്‌. ദൈവം ആദ്യത്തെ പുരുഷനേയും സ്‌ത്രീയേയും സൃഷ്ടിച്ചപ്പോള്‍ “അവര്‍ ഇരുവരും നഗ്നരായിരുന്നു, പുരുഷനും അവന്റെ ഭാര്യയും, അവര്‍ക്ക്‌ ലജ്ജ തോന്നിയേയില്ല” (ഉല്‌പത്തി: 2; 25) അവര്‍ നിഷ്‌ക്കളങ്കരായിരുന്നു, ഇപ്പോഴും അപരിഷ്‌കൃതരായി തുടരുന്ന ചില ആദിമഗോത്രജനതയെപ്പോലെ. പിന്നീട്‌ ദുഷ്ടബുദ്ധിയായ സര്‍പ്പത്തിന്റെ പ്രലോഭനത്തിനു വഴങ്ങി, അവര്‍ രണ്ടുപേരും, ഭക്ഷിക്കാന്‍ പാടില്ലാത്തതെന്നു ദൈവം സ്‌പഷ്ടമായിത്തന്നെ വിലക്കിയിട്ടുണ്ടായിരുന്ന, നന്മതിന്മകളെക്കുറിച്ചുളള അറിവിന്റെ വൃക്ഷത്തില്‍ നിന്നുള്ള ഫലം ഭക്ഷിച്ചു. അതിന്റെ ഫലമായി “അവര്‍ ഇരുവരുടേയും കണ്ണുകള്‍ തുറക്കുകയും തങ്ങള്‍ നഗ്നരാണെന്ന്‌ അവര്‍ അറിയുകയും ചെയ്‌തു.” (ഉല്‌പത്തി: 3;7) അങ്ങനെ അവര്‍ പരിഷ്‌കൃതരാവുകയും പിന്നീട്‌ ആദാമും അദ്ദേഹത്തിന്റ ഭാര്യയും ദൈവത്തിന്റെ സാന്നിദ്ധ്യത്തില്‍ നിന്നും സ്വയം ഒളിക്കാന്‍ തുടങ്ങുകയും ചെയ്‌തു. അപ്പോഴാണ്‌ ഏദന്‍ തോട്ടത്തില്‍ നിന്നും അവര്‍ രണ്ടു പേരേയും പുറത്താക്കാന്‍ നിരാശനായ ദൈവം നിര്‍ബ്ബന്ധിതനായത്‌. ഭൂമിയില്‍ കഠിനമായ ഒരു ജീവിതം നയിക്കാന്‍ ദൈവം അവരെ ശപിച്ചു. ഭൂമിയില്‍ മനുഷ്യന്‍ നേരിടേണ്ടി വന്ന കഠിന പ്രയാസങ്ങള്‍, നുണ പറയല്‍, ചതിയും വഞ്ചനയും മറച്ചുവക്കലും നടത്തല്‍, നഗ്നമായ സ്വാര്‍ത്ഥപ്രവൃത്തികള്‍ പിന്തുടരല്‍ തുടങ്ങിയ കലകള്‍ സര്‍പ്പത്തില്‍ നിന്നും പഠിച്ചതിന്റെ ഫലമാണെന്ന്‌ പഴയ കാലത്തെ പ്രവാചകന്മാര്‍ കണക്കാക്കിയിരുന്നുവെന്ന്‌ ഈ കഥയില്‍ നിന്നും നമുക്കൊരു നിഗമനത്തില്‍ എത്തിക്കൂടെ? സമൂഹത്തില്‍ നിന്നും ഈ കുടിലതകളെ ഉന്മൂലനം ചെയ്യാനും ഭൂമിയില്‍ ദൈവത്തിന്റെ രാജ്യം കൊണ്ടുവരാനും അവര്‍ അഭിലഷിച്ചു. അങ്ങനെയാണെങ്കില്‍ നുണ പറയാനും ചതിയും വഞ്ചനവും മറച്ചുവക്കലും നടത്താനുമുള്ള സാദ്ധ്യതകളെ അറിവിന്റെ സാങ്കേതികവിദ്യ നല്‍കുന്ന ഫലങ്ങളുപയോഗിച്ച്‌ നാം അടച്ചുകളയുകയാണെങ്കില്‍, ഏദന്‍ തോട്ടത്തിന്റെ കവാടങ്ങള്‍ മനുഷ്യനു വേണ്ടി തുറക്കപ്പെടുമോ? നമുക്കങ്ങനെ പ്രതീക്ഷിക്കുക. ഏതായാലും രൂക്ഷമായിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗസമരം അതിനെ കൂടുതല്‍ കൂടുതലായി യാഥാര്‍ത്ഥ്യത്തിലേക്ക്‌ അടുപ്പിക്കുകയാണ്‌. ആമേന്‍!

തത്ത്വചിന്തകര്‍ ലോകത്തെ പല തരത്തില്‍ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ; എന്നാല്‍ അതിനെ മാറ്റുക എന്നതാണ്‌ കാര്യം.

ശാസ്‌ത്രീയ സോഷ്യലിസത്തിലേക്ക്‌ അല്ലെങ്കില്‍ പൂര്‍ണ്ണമായ സാമൂഹിക നിയന്ത്രണത്തിലേക്ക്‌ ഉളള പരിവര്‍ത്തനം മുമ്പ്‌ ഒരു യാദൃശ്ചിക സാധ്യതയായാണ്‌ നിലനിന്നിരുന്നത്‌. അതുകൊണ്ടു തന്നെ അതിന്‌ തിരിച്ചു പോകാനോ, തിരിച്ചാക്കാനോ ഉള്ള സാധ്യതയുമുണ്ടായിരുന്നു. എന്നാല്‍ ഉല്‌പാദനശക്തികളുടെ വളര്‍ച്ച, പ്രത്യേകിച്ചും വിജ്ഞാനവ്യവസായമെന്നു വിളിക്കപ്പെടുന്ന മേഖലയിലെ വളര്‍ച്ച, അതിശക്തവും അതേ സമയം അന്ധവുമായ സാമൂഹിക ശക്തികളെയാണ്‌ മുന്നോട്ടു കൊണ്ടുവരുന്നത്‌. അവയെ സാമൂഹിക നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരുന്നില്ലെങ്കില്‍ അതു വലിയ വിനാശം സൃഷ്ടിച്ചേക്കും. ക്ലോണിംഗിലൂടെ മനുഷ്യരെ ഉല്‌പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രസിഡന്റ്‌ ബുഷ്‌ പോലും പ്രകടിപ്പിച്ച ഉത്‌ക്കണ്‌ഠ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്‌. ഇതെല്ലാം ശാസ്‌ത്രീയ സോഷ്യലിസത്തിലേക്കുളള പരിവര്‍ത്തനത്തെ യാദൃശ്ചികതയുടെ മണ്ഡലത്തില്‍ നിന്നും അനിവാര്യതയുടെ മണ്ഡലത്തിലേക്ക്‌ മാറ്റുന്നുണ്ട്‌; ഏതാണ്ട്‌ ഒന്നര നൂറ്റാണ്ടു മുമ്പ്‌ മാര്‍ക്‌സും എംഗല്‍സും സങ്കല്‌പിച്ചതു പോലെ. അതിന്റെ വെല്ലുവിളി ഏറ്റെടുക്കുക എന്നതാണ്‌ ഇന്നത്തെ രാഷ്ട്രീയ കടമ. മാര്‍ക്‌സ്‌ പറഞ്ഞതു പോലെ ലോകത്തെ മാറ്റുക എന്നതു തന്നെയാണ്‌ പ്രശ്‌നം.

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

പൊതുഗതാഗത സംവിധാനങ്ങളുടെ ആധുനികവല്‌ക്കരണം പാരീസ്‌ ഉടമ്പടിയുടെ പശ്ചാത്തലത്തില്‍

ആഗോള താപനവും പാരീസ്‌ ഉടമ്പടിയും
വലുതും ചെറുതുമായി ലോകത്തിലുള്ള ഏതാണ്ടെല്ലാ സ്വതന്ത്ര പരമാധികാര രാഷ്‌ട്രങ്ങളുടേയും പങ്കാളിത്തത്തോടെയാണ്‌ ആഗോളതാപനം നിയന്ത്രിക്കാനുള്ള പാരീസ്‌ ഉച്ചകോടി നടന്നത്‌. ഉച്ചകോടിയില്‍ പങ്കെടുത്ത 196 അംഗരാജ്യങ്ങളുടേയും പ്രതിനിധികളുടെ അംഗീകാരത്തോടെയാണ്‌ പാരീസ്‌ ഉടമ്പടി രേഖ പുറത്തു വിട്ടത്‌. ഇനി ഈ രാജ്യങ്ങളിലെ നിയമനിര്‍മ്മാണസഭകള്‍ ചര്‍ച്ച ചെയ്‌ത്‌ അംഗീകരിക്കുന്നതോടെ പാരീസ്‌ ഉടമ്പടി പ്രാബല്യത്തിലാകും. അതോടെ അത്‌ നിയമമാകും.

250- 300 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വ്യാവസായിക യുഗത്തിന്റെ തുടക്കത്തില്‍ നിലനിന്നിരുന്ന ശരാശരി ആഗോള താപനിലയില്‍ നിന്ന്‌ 1.5 ഡിഗ്രി സെന്റിഗ്രേഡിലധികം ശരാശരി ആഗോള താപനില ഉയരാത്തവിധം വിവിധ രാജ്യങ്ങളിലെ വ്യവസായവും, കൃഷിയും, ഗതാഗതവും ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ അതാതു രാജ്യങ്ങളിലെ ഭരണകൂട ങ്ങള്‍ സുതാര്യമായ നടപടികള്‍ എടുക്കും, എന്നും ഇത്തരം നടപടികള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേക ങ്ങള്‍ നല്‍കാനും ഒരു ആഗോള സംവിധാനം രൂപപ്പെടുത്തും എന്നും ആണ്‌ പാരീസ്‌ ഉടമ്പടി പറയുന്നത്‌. ചുരുക്കത്തില്‍ കല്‍ക്കരി കത്തിച്ച്‌ കറന്റുണ്ടാക്കുന്നതും, ഡീസല്‍ അഥവാ പെട്രോള്‍ ഉപയോഗിച്ച്‌ വാഹനമോടിക്കുന്നതും ഉള്‍പ്പെടെ ഓരോ വ്യക്തിയും /കമ്പനിയും/രാജ്യവും സ്വന്തം യുക്തിക്കനുസരിച്ച്‌ എടുത്തിരുന്ന സാമ്പത്തിക തീരുമാനങ്ങള്‍ ഇനിമേല്‍ ഒരു ആഗോള പരിസ്ഥിതി ഭരണവ്യവസ്ഥയുടെ നിരീക്ഷണങ്ങള്‍ക്കും, നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമാകും. എല്ലാ തീരുമാനങ്ങളും മത്സരാധിഷ്‌ഠിത കമ്പോളത്തിന്‌ വിട്ടു കൊടുക്കുക എന്ന സാമ്പ്രദായിക രീതിക്കു കടകവി രുദ്ധമാണ്‌ ഈ ഉടമ്പടി. മത്സരം (സുതാര്യമായ) ആസൂത്രണത്തിന്‌ പതുക്കെ വഴിമാറുകയാണ്‌. ആഗോളതാപനം ഭാവിയില്‍ ഉണ്ടാക്കിയേക്കാവുന്ന കെടുതികള്‍ നിയന്ത്രിക്കണമെങ്കില്‍ കമ്പോള ത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആസൂത്രിതമായ ഒരു ആഗോള ഇടപെടല്‍ അനിവാര്യമാണ്‌ എന്ന തിരിച്ചറിവിന്റെ ഫലമാണ്‌ പാരീസ്‌ ഉടമ്പടി എന്നും പറയാം.

അതേ സമയം സമ്പദ്‌ വ്യവസ്ഥയിലെ എല്ലാ തീരുമാനങ്ങളും മുകളില്‍ ഇരിക്കുന്ന (ഡല്‍ഹി, മോസ്‌കോ, ബീജിംഗ്‌, ന്യൂയോര്‍ക്ക്‌, ലണ്ടന്‍) ഒരു കൂട്ടം ആളുകള്‍ തീരുമാനിക്കുക എന്ന പരമ്പരാഗത ആസൂത്രണ സങ്കല്‌പത്തില്‍ നിന്നു വ്യത്യസ്‌തമായി ഓരോ രാജ്യത്തിനും ഉപയു ക്തമായ ആഗോളതാപന നിയന്ത്രണ നടപടികള്‍ സ്വയം നിര്‍ണ്ണയിക്കാനുള്ള അധികാരം ഉടമ്പടി നല്‍കുന്നു. ലഭ്യമായ ആഭ്യന്തര ഊര്‍ജ്ജസ്രോതസ്സുകള്‍, സാങ്കേതികവിദ്യ, വികസനത്തിന്റെ ആവശ്യങ്ങള്‍ എല്ലാം സമഗ്രമായി പരിഗണിച്ച്‌ ആവശ്യമായ നടപടികള്‍ ഓരോ രാജ്യത്തിനും എടുക്കാം. ആഗോളതാപനത്തിനു കാരണമായ ഹരിതഗൃഹവാതകങ്ങളുടെ അളവ്‌ നിശ്ചിത പരിധി ക്കുള്ളില്‍ നിര്‍ത്താന്‍ ഉതകുന്നതാകണം നടപടികള്‍ എന്നുമാത്രം. ഈ നടപടികളുടെ ഫലങ്ങളെ നിരന്തരമായി നിരീക്ഷിക്കാനും ആവശ്യമായ തുടര്‍നടപടികള്‍ ഓരോ രാജ്യത്തിനോടും ആവശ്യ പ്പെടാനും ഉള്ള അന്താരാഷ്‌ട്ര സംവിധാനങ്ങളുമുണ്ട്‌.
ഇന്ത്യയിലെ ആഭ്യന്തര പരിസ്ഥിതികള്‍ വിലയിരുത്തിയ സാമ്പത്തിക വിദഗ്‌ദരും മറ്റും എത്തിയ നിഗമനം അമേരിക്കയും മറ്റും ആവശ്യപ്പെടുന്ന പോലെ കല്‍ക്കരി താപനിലയങ്ങള്‍ ഒഴിവാക്കിക്കൊണ്ട്‌ ആഗോളതാപന നിയന്ത്രണ നടപടികളെ സഹായിക്കാന്‍ ഇന്ത്യക്കാവില്ല എന്നാ ണ്‌. ഇതിന്‌ മുഖ്യ കാരണം കല്‍ക്കരിയാണ്‌ ഇന്ത്യക്ക്‌ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഊര്‍ജ്ജ സ്രോതസ്സ്‌ എന്നതു തന്നെ. സൗരോര്‍ജ്ജ വൈദ്യുതിയുടേയും മറ്റും വികസനം പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും അതിന്‌ നിലവില്‍ താരതമ്യേന വില കൂടുതലാണ്‌. മാത്രമല്ല രാത്രികാല ങ്ങളില്‍ ലഭ്യവുമല്ല. പകരം വെക്കാവുന്ന സ്രോതസ്സുകളായ പ്രകൃതിവാതകം, ന്യൂക്ലിയര്‍ എന്നിവ ഉപയോഗിച്ച്‌ പ്രശ്‌നം എളുപ്പം പരിഹരിക്കാനുമാവില്ല. ഇതു മാത്രമല്ല ഇന്നത്തെ വികസന ഘട്ടത്തി ല്‍ ഇന്ത്യയുടെ ആളോഹരി വൈദ്യുതി ഉപഭോഗം ഗണ്യമായി വര്‍ധിക്കുക അനിവാര്യവുമാണ്‌.
ഈ സാഹചര്യത്തിലാണ്‌ ആഗോളതാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ സംഭാവനയായി ഗതാഗതരംഗത്തെ ഊര്‍ജ്ജ ഉപയോഗം കുറയ്‌ക്കാനുതകുന്ന നടപടി കളാണ്‌ കൂടുതല്‍ പ്രായോഗികം എന്ന ധാരണയിലേക്ക്‌ രാഷ്‌ട്രം എത്തി നില്‍ക്കുന്നത്‌ ഒപ്പം വ്യാപകമായി മരം വെച്ചുപിടിപ്പിക്കുക, അതു വഴി കാര്‍ബണ്‍ഡയോക്‌സൈഡിനെ ആഗിരണം ചെയ്യുക എന്ന പരിപാടിയും ഇന്ത്യ മുന്നോട്ടു വെച്ചിട്ടുണ്ട്‌.

പൊതു വാഹനങ്ങളോ, സ്വകാര്യവാഹനങ്ങളോ ?
സാമൂഹ്യ പുരോഗതിയുടെ അനിവാര്യ ഘടകമാണ്‌ ഗതാഗത സൗകര്യങ്ങളുടെ വികസനം. കൃഷിക്കാരുടെ ഉല്‌പന്നങ്ങള്‍ക്ക്‌ നല്ല വില കിട്ടുന്നതിനും അത്യാസന്ന രേഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിനും വാഹനസൗകര്യം കൂടിയേ തീരൂ. സ്‌ത്രീ വിമോചന കാര്യത്തില്‍ പോലും വികസിച്ച വാഹനസൗകര്യങ്ങള്‍ ഒരു പങ്കു വഹിക്കുന്നുണ്ട്‌. സമൂഹത്തിന്റെ ഏറ്റവും താഴെ തലത്തിലേക്ക്‌ അധികാരം വികേന്ദ്രീകരിച്ച കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഏറ്റവും ദൃശ്യമായ ഫലം എല്ലാ മുക്കിലും മൂലയിലും കാറും ഓട്ടോറിക്ഷയും ഉപയോഗിക്കാവുന്ന റോഡുകള്‍ ഉണ്ടായി എന്നതായത്‌ യാദൃശ്ചികമല്ല. ഓട്ടോ മൊബൈല്‍ കമ്പനികളാണ്‌ ഇതില്‍ നിന്ന്‌ ഏറ്റവുമധികം നേട്ടം കൊയ്‌തത്‌. ഇന്ന്‌ കേരളത്തിലെ ഗ്രാമീണ കുടുംബങ്ങളില്‍ പലതിനും സ്വന്തമായി മോട്ടോര്‍ വാഹനങ്ങളുണ്ട്‌. മധ്യ വര്‍ഗ്ഗക്കാര്‍ മാത്രമല്ല കെട്ടിട നിര്‍മ്മാണം, ചുമട്‌, മത്സ്യം, മരം കയറ്റം തുടങ്ങിയ പരമ്പരാഗത തൊഴില്‍ മേഖലകളില്‍ പണി എടുക്കുന്ന തൊഴിലാളികള്‍ പോലും ഇരുചക്ര മോട്ടോര്‍ വാഹനത്തെ ഒരു ആഡംബരമായിട്ടല്ല ഇന്ന്‌ കാണുന്നത്‌. ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുന്ന ഈ സ്വകാര്യ വാഹനങ്ങള്‍ എല്ലാം ഉപയോഗിക്കുന്നത്‌ പെട്രോള്‍ അഥവാ ഡീസല്‍ ആണ്‌. അതുകൊണ്ട്‌ ഇവയും ആഗോള താപനത്തിനും പുകമലിനീ കരണത്തിനും കാരണമാകുന്നു. ഒറ്റക്കൊറ്റക്ക്‌ ഇവയുടെ ഇന്ധന ഉപയോഗം കാര്‍ മുതലായവയേ ക്കാള്‍ കുറവാണെങ്കിലും എണ്ണം കൊണ്ട്‌ ഇവയുടെ മൊത്തം ഇന്ധന ഉപയോഗം ഉണ്ടാക്കുന്ന ഫലം വളരെ വലുതാണ്‌. അതിനാല്‍ ഇത്തരം വാഹനങ്ങളുടെ പെട്രോള്‍, ഡീസല്‍ ഉപയോഗം നിയന്ത്രിക്കാതെ പാരീസ്‌ ഉടമ്പടി അനുസരിച്ചുള്ള ചുമതലകള്‍ നിറവേറ്റാനാവില്ല എന്ന അവസ്ഥയിലാണ്‌ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള വികസ്വര രാഷ്‌ട്രങ്ങള്‍ എല്ലാം എത്തി നില്‍ക്കുന്നത്‌. ഇത്‌ അത്ര എളുപ്പമല്ല.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ എടുത്താല്‍ രണ്ടു രീതിയില്‍ ഈ പ്രശ്‌നത്തെ മറികടക്കാം. കാറും, ബൈക്കും ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യവാഹന ഉടമസ്ഥരെയും ബാറ്ററി അധിഷ്‌ഠിത ഇലക്‌ട്രിക്‌ മോട്ടോര്‍ അഥവാ ഹൈഡ്രജന്‍ അധിഷ്‌ഠിത എന്‍ജിന്‍ സംവിധാനത്തിലേക്കു മാറാന്‍ പ്രേരിപ്പിക്കുക എന്നതാണ്‌ ഒരു രീതി. പൊതു ഗതാഗത സംവിധാനങ്ങളെ ആധുനിക വല്‍ക്കരിച്ചു ബഹു ഭൂരിഭാഗം പേരേയും അത്തരം സംവിധാനങ്ങളേലേക്കു മാറാന്‍ പ്രേരിപ്പിക്കുക എന്നതാണ്‌ രണ്ടാമത്തേത്‌. ഇവയ്‌ക്കുള്ളില്‍ തന്നെ നിരവധി വൈവിധ്യങ്ങളും ആകാം. ആദ്യ രീതിയിലാണ്‌ ഇലക്‌ട്രിക്‌ വാഹന നിര്‍മ്മാണത്തിലേക്കു പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന വന്‍കിട കമ്പനികള്‍ക്കു താല്‌പര്യം. ഫോര്‍ഡും ജനറല്‍ മോട്ടോഴ്‌സും, ടൊയോട്ടയും ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഈ രംഗത്തു സജീവമായി കഴിഞ്ഞു. ഇലക്‌ട്രിക്‌ വാഹന ഗവേഷണങ്ങള്‍ക്കായി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നാലര ബില്യണ്‍ ഡോളര്‍ (ഏതാണ്ട്‌ 27,000 കോടി രൂപ) മുതല്‍ മുടക്കുമെന്ന്‌ ഫോര്‍ഡ്‌ പാരീസ്‌ ഉച്ചകോടി നടക്കുന്നതിനിടെ പ്രഖ്യാപിച്ചു. അതേസമയം ആതിഥേയ രാജ്യമായ ഫ്രാന്‍സിന്റെ പരിസ്ഥിതി മന്ത്രി ശ്രീമതി സെഗോലിന്‍ റോയല്‍ ആകട്ടെ വിലകുറഞ്ഞ ഇലക്‌ട്രിക്‌ കാര്‍ വികസിപ്പിക്കാനുള്ള ഒരു മത്സരം തന്നെ പ്രഖ്യാപിച്ചു.
ഇലക്‌ട്രിക്‌ വാഹനങ്ങള്‍ നേരിടുന്ന ഒരു മുഖ്യപ്രശ്‌നമായ ചാര്‍ജിംഗ്‌ സംവിധാനങ്ങളുടെ അപര്യാപ്‌തത നേരിടാനായി അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും പെട്രോള്‍ പമ്പുകള്‍ക്ക്‌ സമാനമായ ബാറ്ററി ചാര്‍ജിംഗ്‌ സ്റ്റേഷനുകള്‍ ഒരുക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്‌. കാലി ഫോര്‍ണിയയില്‍ മാത്രം 9,000 പൊതു ചാര്‍ജിംഗ്‌ സ്റ്റേഷനുകള്‍ നിലവില്‍ വന്നു കഴിഞ്ഞു.
ഇതൊക്കെയാണെങ്കിലും കാറും, ബൈക്കും ഉള്‍പ്പെടെ ഇലക്‌ട്രിക്‌ വാഹനങ്ങള്‍ ഇന്ന്‌ ഏറ്റവുമധികം വിറ്റഴിയുന്നത്‌ ചൈനീസ്‌ മാര്‍ക്കറ്റിലാണ്‌. ബീജിംഗ്‌ ഉള്‍പ്പെടെയുള്ള ചൈനീസ്‌ നഗരങ്ങളിലെ പുകമഞ്ഞു പ്രശ്‌നം നിയന്ത്രിക്കാനായി നഗരഭരണകൂടങ്ങള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ മേല്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ ഇതിനൊരു കാരണമാണ്‌. ഇത്‌ കൂടാതെ ചൈനീസ്‌ സര്‍ക്കാരിന്റെ സഹായത്തോടെ വന്‍തോതില്‍ ബാറ്ററി ചാര്‍ജിംഗ്‌ സംവിധാനങ്ങളും സ്ഥാപിക്കുന്നുണ്ട്‌. ഇതെല്ലാം മൂലം ചൈനയിലെ ഇലക്‌ട്രിക്‌ കാര്‍ വില്‍പന ഈ വര്‍ഷം മൊത്തം രണ്ടര ലക്ഷം കവിയുമെന്നാണ്‌ സൂചന. ഇതുവരെ ഈ രംഗത്ത്‌ മുന്നിട്ടു നിന്നിരുന്ന അമേരിക്ക യിലെ വില്‍പന ഈ വര്‍ഷം ഒരു ലക്ഷത്തി എണ്‍പതിനായിരം കവിയില്ല.
അതേസമയം പൊതുഗതാഗത സംവിധാനങ്ങളെ ആധുനികവല്‍ക്കരിച്ച്‌ കാറും ബൈക്കും ഉപേക്ഷിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ്‌ വേണ്ടതെന്ന വാദവും ശക്തമാകുകയാണ്‌.
image

പൊതുഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം
പാരീസ്‌ ഉടമ്പടിയുടെ യഥാര്‍ത്ഥ സന്ദേശം അതാണ്‌.

ഇന്ന്‌ പെട്രോള്‍/ഡീസല്‍ ഉപയോഗിച്ച ഓടുന്ന എല്ലാ കാറുകളും ബൈക്കുകളും ബാറ്ററി അടിസ്ഥാനത്തിലുള്ള സംവിധാനങ്ങളിലേക്ക്‌ മാറിയാല്‍ നഗരങ്ങളിലെ പുക മാലിന്യ പ്രശ്‌നം വളരെയധികം കുറയുമെന്നത്‌ വാസ്‌തവമാണ്‌. പക്ഷേ അപ്പോഴും ഈ ബാറ്ററികള്‍ ചാര്‍ജ്‌ ചെയ്യാ ന്‍ വേണ്ട കറന്റുണ്ടാക്കാന്‍ കല്‍ക്കരിയും മറ്റും കത്തിക്കേണ്ടി വരും എന്നതിനാല്‍ ഇലക്‌ട്രിക്‌ കാറും, ബൈക്കും ആഗോള താപനം എന്ന പ്രശ്‌നത്തിന്‌ ഒരു പരിഹാരമല്ല. സോളാര്‍ വൈദ്യുതി കൂടുതല്‍ വലിയ തോതില്‍ ഉല്‌പാദിപ്പിക്കാനായാല്‍ ഒരു പരിധി വരെ പരിഹാരമാകും. പക്ഷേ നിലവിലുള്ള കല്‍ക്കരി നിലയങ്ങള്‍ മുഴുവന്‍ അടച്ചിടാനാകുന്ന അളവില്‍ സോളാര്‍ വൈദ്യുതി ഉല്‌പാദനം എത്തിക്കുന്നത്‌ എളുപ്പമല്ല. മാത്രമല്ല സൗരോര്‍ജ്ജ വൈദ്യുതി പകല്‍ മാത്രമാണ്‌ ലെി ക്കുക എന്ന അസൗകര്യവുമുണ്ട്‌.
ഈ സാഹചര്യത്തിലാണ്‌ ആഗോള താപനം കുറയ്‌ക്കാനുള്ള പാരീസ്‌ ഉടമ്പടിയുടെ യഥാര്‍ത്ഥ സന്ദേശം പൊതു ഗതാഗതം വികസിപ്പിക്കുകയാണ്‌ എന്ന്‌ പറയേണ്ടി വരുന്നത്‌. കൂട്ട ത്തില്‍ പറയട്ടെ ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളായ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എല്ലാ മേഖലയിലും വ്യാപകമായി ഉപയോഗിച്ചുകൊണ്ടും, ടെലികമ്മ്യൂട്ടിംഗ്‌, ടെലി മെഡിസിന്‍, വീഡിയോ കോണ്‍ഫറന്‍സിംഗ്‌ എന്നിവ പ്രോത്സാഹിപ്പിച്ചും പല യാത്രകളും ഒഴിവാക്കാനാകും. ഈ സാധ്യതകള്‍ പരമാവധി ഉപയോഗിക്കാനുള്ള നടപടികളും പാരീസ്‌ ഉടമ്പടിയുമായി ബന്ധപ്പെട്ട നടപടികളുടെ ‘ാഗമാകണം.

കേരളത്തെ സംബന്ധിച്ചിടത്തോളമെങ്കിലും പൊതു ഗതാഗതം വികസിപ്പിക്കണം എന്നു പറയുന്നതിന്‌ ആഗോള താപനത്തിനപ്പുറം മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്‌.
1) ഒന്നാമത്തേത്‌ കേരളത്തിലുടനീളമുള്ള റോഡുകളില്‍ അടിക്കടി ഉണ്ടാകുന്ന ട്രാഫിക്‌ ജാം അഥവാ ബ്ലോക്ക്‌ തന്നെ. പല കാരണങ്ങളാലും റോഡിന്‌ വീതി കൂട്ടല്‍ അസാധ്യമായതുകൊണ്ട്‌ “ബ്ലോക്ക്‌ കുറയ്‌ക്കാന്‍ പൊതുഗതാഗത വികസനം” എന്ന ആശയത്തിന്‌ സവിശേഷ പ്രസക്തിയുണ്ട്‌.
2) രണ്ടാമത്തെ കാരണം നഗരങ്ങളിലെ പാര്‍ക്കിംഗ്‌ സൗകര്യങ്ങളുടെ അപര്യാപ്‌തതയാണ്‌. സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ബ്ലോക്കെല്ലാം താണ്ടി നഗരത്തിലെത്തിയാലും പാര്‍ക്ക്‌ ചെയ്യാന്‍ സൗകര്യമന്വേഷിച്ച്‌ വീണ്ടും മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വരുന്നു. പലപ്പോഴും തിരക്കേറിയ റോഡുകളില്‍ തന്നെയാണ്‌ പലരും വാഹനം പാര്‍ക്ക്‌ ചെയ്യുന്നത്‌. നിയമവിരുദ്ധമായ ഇത്തരം പാര്‍ക്കിംഗ്‌ നഗരത്തിലെ ബ്ലോക്കുകള്‍ ഒന്നു കൂടി രൂക്ഷമാ കാന്‍ കാരണമാകുന്നു. മാത്രമല്ല കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ഇത്തരം വാഹനപാര്‍ക്കിംഗ്‌ മരണക്കെണിയാകുന്നു.
3) മൂന്നാമത്തെ കാരണം റോഡുകളില്‍ സ്വകാര്യവാഹനങ്ങളുടെ പെരുപ്പം അപകടങ്ങള്‍ക്ക്‌ പ്രത്യേകിച്ചും ടൂവീലര്‍ അപകടങ്ങള്‍ക്ക്‌ ഒരു മുഖ്യകാരണമാകുന്നു എന്നതു തന്നെ. ബ്ലോക്ക്‌ കാരണം നഷ്‌ടപ്പെട്ട സമയം തിരിച്ചുപിടിക്കാന്‍ അമിതവേഗത്തില്‍ പായുന്ന ചെറുപ്പക്കാരാണ്‌ ഏറ്റവും കൂടുതല്‍ അപകടമുണ്ടാക്കുന്നത്‌.
4) നാലാമത്തെ കാരണം ഈ ബ്ലോക്കുകളില്‍ പെട്ട്‌ നഷ്‌ടപ്പെടുന്ന സമയം തന്നെ. ബ്ലോക്കില്‍ കിടക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ കസ്റ്റമറുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നവരും, നെറ്റില്‍ കയറി ചാറ്റുന്നവരും ഉണ്ടെങ്കിലും ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്നവര്‍ക്ക്‌ ഇതൊന്നും എളുപ്പമല്ല. കേരളത്തിലെ ബ്ലോക്കുകളില്‍ പെട്ട്‌ നഷ്‌ടപ്പെടുന്ന സമയം പണമായി കണക്കാ ക്കുകയാണെങ്കില്‍ ശതകോടിക്കണക്കിന്‌ രൂപ വരുമെന്ന്‌ ഉറപ്പാണ്‌. ഇതെല്ലാം കൊണ്ടുതന്നെ പൊതുഗതാഗതം വികസിപ്പിക്കാനുള്ള നടപടികള്‍ക്ക്‌ സമയമായി എന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

പൊതുഗതാഗതസംവിധാനങ്ങളുടെ ആധുനികവല്‌ക്കരണം പാരീസ്‌ ഉടമ്പടിയുടെ പശ്ചാത്തലത്തില്‍
പൊതുഗതാഗതം വികസിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ റയില്‍ ഗതാഗതവും, ജല ഗതാഗതവും പരമാവധി ഉപയോഗപ്പെടുത്താനുള്ള ആസൂത്രിത നടപടികളുണ്ടാകണം. വിശദമായ പഠനം ആവശ്യപ്പെടുന്ന കാര്യമാണിത്‌. മാത്രമല്ല റയില്‍, റോഡ്‌, ജല ഗതാഗതസംവിധാനങ്ങളെ പരസ്‌പരം കോര്‍ത്തിണക്കുന്ന മൊബിലിറ്റ്‌ ഹബ്‌ സംവിധാനം കൂടുതല്‍ സ്ഥലങ്ങളില്‍ ആസൂത്രണം ചെയ്യണം. വൈറ്റില ഹബ്ബിനോടനുബന്ധിച്ച്‌ പറഞ്ഞു കേട്ട റയില്‍വേസ്റ്റേഷന്‍ ഇതുവരെയും പ്രാവര്‍ത്തിക മായിട്ടില്ല. ഇതിനപ്പുറം റോഡ്‌ ഗതാഗതമേഖലയില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനാകും. ചില സാധ്യത കള്‍ മാത്രം ഉദാഹരിക്കട്ടെ.

1) ലോ ഫ്‌ളോര്‍ എസി ബസുകല്‌ വലിയ തോതില്‍ നിരത്തില്‍ ഇറക്കണം. തുടക്കത്തിലുള്ള ഉയര്‍ന്ന മൂലധനച്ചിലവ്‌ ഒഴിച്ചാല്‍ ഇതിന്‌ ഇന്ധനം ഉള്‍പ്പെടെയുള്ള നടത്തിപ്പു ചിലവുകള്‍ സാധാരണ ബസ്സില്‍ നിന്നും വളരെയൊന്നും കൂടുതലല്ല എന്ന്‌ അനുഭവത്തില്‍ നിന്നും നമുക്ക്‌ അറിയാം. അതേ സമയം നിരക്കുകള്‍ കുറച്ചു കൂടി കുറയ്‌ക്കുകയും, ബസ്‌ സമയങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി യാത്രക്കാരുടെ സ്‌മാര്‍ട്ട്‌ ഫോണുകളില്‍ എത്തിക്കുകയും, ബസിനകത്ത്‌ വൈഫൈയും മൊബൈല്‍ ചാര്‍ജിംഗ്‌ സൗകര്യങ്ങളും ഒരുക്കുകയും ചെയ്‌താല്‍ യാത്രക്കാരെ കിട്ടാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.

2) തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിശേഷിച്ചും ബ്ലോക്ക്‌ പഞ്ചായത്തുകളുടെ സഹായത്തോടെ ഉള്‍നാടുകളിലെ പ്രധാന ബസ്സ്‌ സ്റ്റാന്റുകള്‍ക്ക്‌ സമീപം സൈക്കിള്‍ / ബൈക്ക്‌ പാര്‍ക്കിംഗ്‌ സൗകര്യമൊരുക്കുവാന്‍ നടപടി ഉണ്ടാകണം. ചെറിയ ഫീസ്‌ ചുമത്തിയാലും സുരക്ഷിതമായി തങ്ങളുടെ വാഹനങ്ങള്‍ സൂക്ഷിക്കാനാവുമെങ്കില്‍ യാത്രക്കാര്‍ ഇത്‌ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു.

3) കെ.എസ്‌.ആര്‍.ടി.സി ബാറ്ററി അധിഷ്‌ഠിത ഇലക്‌ട്രിക്‌ ബസുകള്‍ പരീക്ഷണാര്‍ത്ഥത്തി ലെങ്കിലും ഓടിച്ചു തുടങ്ങണം. ഇവയ്‌ക്കാവശ്യമുള്ള ചാര്‍ജിംഗ്‌ സംവിധാനങ്ങള്‍ എല്ലാ ബസ്സ്‌ സ്റ്റേഷനു കളിലും ഒരുക്കുന്നതിന്‌ ആവശ്യമായ ഫണ്ട്‌ പാരീസ്‌ ഉടമ്പടിയുടെ അനുബന്ധപ്രവര്‍ത്തനം എന്ന പേരില്‍ ചോദിച്ചു വാങ്ങാവുന്നതാണ്‌. ഇലക്‌ട്രിക്‌ ബസുകളുടെ ഇന്ധനച്ചിലവ്‌ ഡീസലിനേക്കാള്‍ വളരെ കുറവാണ്‌. അമേരിക്കയിലെ ഒരു വെബ്‌സൈറ്റ്‌ അവകാശപ്പെടുന്നത്‌ അവിടത്തെ മാര്‍ക്കറ്റ്‌ വിലയുടെ അടിസ്ഥാനത്തില്‍ ഫോസ്സില്‍ ഇന്ധനത്തിന്റെ മൂന്നിലൊന്നു ചിലവേ വാഹനത്തിനാവശ്യമായ ഇലക്‌ട്രിസിറ്റിക്കു വരികയുള്ളൂ എന്നാണ്‌. ഡീസലിനു മേല്‍ ഉയര്‍ന്ന നികുതി ചുമത്തുന്ന ഇന്ത്യയില്‍ ഈ വ്യത്യാ സം ഇതിലുമധികം ആയിരിക്കും. വിവിധ ബസ്‌ പാര്‍ക്കിംഗ്‌ കേന്ദ്രങ്ങളില്‍ വാഹന ബാറ്ററികള്‍ ചാര്‍ജ്‌ ചെയ്യാനുള്ള സൗകര്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഏര്‍പ്പെടുത്താവുന്നതാണ്‌.

4) എപ്പോള്‍ വേണമെങ്കിലും നഗരപ്രവേശനം വിലക്കപ്പെടാന്‍ ഇടയുള്ള ഡീസല്‍ എന്‍ജിന്‍ ബസുകള്‍ക്കു പകരം പ്രകൃതി വാതകവും, വൈദ്യുതിയും ഉപയോഗിക്കുന്ന ഹൈബ്രിഡ്‌ എന്‍ജിന്‍ ബസുകളിലേക്ക്‌ മാറാന്‍ ഉള്ള ദീര്‍ഘകാല പദ്ധതി ആസൂത്രണം ചെയ്യുക.

5) പുതിയ സാഹചര്യങ്ങള്‍ തരുന്ന സാധ്യതകള്‍ ഉപയോഗിച്ച്‌ ബസ്‌ വ്യവസായം ഏങ്ങിനെ വികസിപ്പിക്കാന്‍ ആകും എന്നതിനെക്കുറിച്ച്‌ വിദഗ്‌ധന്മാരെയും എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥി കളെയും, മറുനാടന്‍ മലയാളികളെയും എല്ലാം പങ്കെടുപ്പിക്കുന്ന പഠന പരിപാടികള്‍ സംഘടിപ്പിക്കുക.

അതിനൊരു തുടക്കമാവട്ടെ ഈ കുറിപ്പ്‌. അശോകന്‍ ഞാറയ്ക്കല്‍
(+919446507239)

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

പെരുപ്പിച്ചുകാട്ടുന്ന വ്യായാമക്കച്ചവടം!

റിപ്പോര്‍ട്ട് – എം.ഋജു
കടപ്പാട് : http://www.madhyamam.com

പണ്ടൊരുത്തന്‍ ശ്രീനാരായണ ഗുരുദേവന്‍െറ അടുത്തത്തെി യോഗയുടെ മാഹാത്മ്യം വര്‍ണ്ണിച്ചതിനെ കുറിച്ച് ഗുരു തന്നെ എഴുതിയത് ഇങ്ങനെയാണ്- ‘യോഗയുടെ മഹത്വത്തെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്താനുള്ള എല്ലാശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞത്, യോഗ ശീലിച്ചതുകൊണ്ട് നല്ല മലശോധന കിട്ടുന്നുണ്ട് എന്നായിരുന്നു. അതിനാണെങ്കില്‍ ഇത്രയും കഷ്ടപ്പെടണോ, അല്‍പ്പം ആവണക്കെണ്ണ കുടിച്ചാല്‍പോരെ, എന്ന എന്‍െറ ചോദ്യത്തിന് അദ്ദഹത്തേിന് മറുപടിയുണ്ടായിരുന്നില്ല.’

അതായത്, യോഗയുടെ ഫലസിദ്ധിയെക്കുറിച്ചുള്ള തര്‍ക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇനി യോഗയെക്കുറിച്ച് സാക്ഷാല്‍ ശ്രീരാമകൃഷ്ണ പരമഹംസര്‍ പറഞ്ഞതു കേള്‍ക്കുക. (ഓഷോ ഇടക്കിടെ ഉദ്ധരിക്കാറുള്ള ഒരു വാക്യമാണിത്) ബംഗാളിലെ ഒരു ഹഠയോഗി ഒരിക്കല്‍ ശ്രീരാമകൃഷ്ണ പരമഹംസരുടെ അടുത്ത്ചെന്ന് പത്തുവര്‍ഷം നീണ്ടുനിന്ന സാധനക്കൊടുവില്‍ ഗംഗാനദിക്കു കുറുകെ നടക്കുവാനുള്ള യോഗവിദ്യ താന്‍ പഠിച്ചുവെന്ന് അവകാശപ്പെട്ടു. ഇക്കാലത്ത് വെറും ഒരു അണക്ക് ഗംഗാനദി കടക്കാന്‍ തോണിയുണ്ടായിരിക്കേ, ഇത്രയും ചെറിയ ഒരുകാര്യത്തിന് പത്തുവര്‍ഷം പാഴാക്കിയ ഹഠയോഗിയുടെ ജീവിതംതന്നെ പാഴായിപ്പോയെന്നായിരുന്നു പരമഹംസരുടെ മറുപടി!

എത്ര പ്രായോഗികവും സത്യസന്ധവുമായിരുന്ന നാരായണഗുരുവും, പരമഹംസരും നല്‍കിയ മറുപടികള്‍ എന്നോര്‍ക്കുക. ഇപ്പോഴത്തെ യോഗാ കോപ്രായങ്ങളുടെയും, അതിജീവനകലകളുടെയും, വ്യായാമക്കസര്‍ത്തിന്‍െറയും കാലത്ത് ഇവര്‍ ജീവിച്ചിരിക്കാതിരുന്നത് നന്നായി. ഇന്ന് യോഗയെന്നത് ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും കോടികള്‍ മാര്‍ക്കറ്റുള്ള വിദ്യയായി വളര്‍ന്നിരിക്കുന്നു. നാടൊട്ടുക്കും ഇത് യോഗ പരിശീലനത്തിന്‍െറ കാലമാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതിനുശേഷം യോഗ ഇന്ത്യയുടെ നിത്യജീവതത്തിന്‍െറ ഭാഗവുമായി. യോഗാദിനവും ആചരണവുമായി ആകെ ബഹളം. ഒരു വ്യായാമ മുറ എന്നതില്‍നിന്ന് മാറി പ്രമേഹവും, ഷുഗറും തൊട്ട് കാന്‍സറും എയ്ഡ്സും വരെ മാറ്റാന്‍ കഴിയുന്ന ഒരു ചികില്‍സാരീതി കൂടിയായി ഇത് മാറുന്നു!

സത്യത്തില്‍ യോഗ ആര്‍ക്കുവേണ്ടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പതഞ്ജലീ സൂത്രപക്രാരം അത് സന്യാസിമാര്‍ക്ക് മോക്ഷത്തിനുവേണ്ടിയുള്ളതാണ്; ലൗകികര്‍ക്ക് ഉള്ളതല്ല. മാത്രമല്ല, നാം ഇന്ന് കാണുന്ന 120ലധികം വരുന്ന വിവധ ആസനങ്ങളും ക്രിയകളും ഒന്നും പതഞ്ജലി നിര്‍ദേശിച്ചതല്ല. ‘പച്ചാളം ഭാസി’ സ്റ്റൈല്‍പോലെ ആധുനിക യോഗാചാര്യന്‍മ്മാര്‍ ഉണ്ടാക്കിയെടുത്തതാണ്.

യോഗയുടെ ചരിത്രം
ബി.സി രണ്ടാം നൂറ്റാണ്ടിലെ പതഞ്ജലിയെയാണ് യോഗയുടെ ആചാര്യനായി അംഗീകരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍െറ യോഗസൂത്രം ഇന്നും പ്രാമാണിക ഗ്രന്ഥമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. പതഞ്ജലിയുടെ ഭാഷയില്‍ സന്യാസിമാര്‍ക്ക് ആത്മീയോന്നമനവും മോക്ഷപ്രാപ്തിയും കൈവരിക്കാനുള്ള ചിട്ടകളാണ് യോഗ. അദ്ദേഹത്തിന്‍െറ ഭാഷയില്‍ ‘ചിത്തവൃത്തി നിരോധം’.

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധരണം, ധ്യാനം, സമാധി എന്നിങ്ങനെ പടിപടിയായി അനുഷ്ഠിക്കേണ്ട അഷ്ടാംഗയോഗത്തെക്കുറിച്ച് നാല് അധ്യായങ്ങളിലായി 195സൂക്തങ്ങളിലായി പതഞ്ജലി പ്രതിപ്രാദിക്കുന്നു. (വിസ്താരഭയം മൂലം ഇതിന്‍െറ കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കുന്നില്ല). സനാസികമാരുടെ എല്ലാ കര്‍മ്മങ്ങളും തീര്‍ത്ത് പ്രകൃതിയില്‍ ലയിപ്പിക്കലാണ് പതഞ്ജലിയുടെ ധാരണയില്‍ യോഗയുടെ ലക്ഷ്യം. അതിലെവിടെയും ലൗകികജീവിതവും വ്യായാമക്കച്ചവടവും കടന്നുവരുന്നില്ല എന്ന് ഓര്‍ക്കണം. ഇതിന് ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷം എ.ഡി.800 കാലഘട്ടത്തിലാണ് ഹഠയോഗം എന്ന പുതിയ രീതി ഉരുത്തിരിഞ്ഞത്. യോഗ അധ്യാത്മികതയില്‍നിന്ന് ഭൗതികതയിലേക്ക് മാറുന്നതിന്‍െറ തുടക്കം ഇവിടെയാണ്.

ചരിത്രം നോക്കിയാല്‍ ഇന്ത്യയിലെ സാധാരണക്കാരെ പോയിട്ട്, രാജാക്കന്‍മാരെപോലും പൗരാണികകാലത്ത് യോഗ ‘ബാധിച്ചി’ട്ടുണ്ടായിരുന്നില്ല. നൂറ്റാണ്ടുകളോളം അത് സന്യാസ മഠങ്ങളില്‍ കെട്ടിത്തിരിഞ്ഞു. യോഗക്ക് ഈ രീതിയിലുള്ള പ്രാധാന്യവും വാണിജ്യ വ്യാപാര സാധ്യതകളും വന്നിട്ട് കഷ്ടിച്ച് ഒരു നൂറ്റാണ്ടേ ആയിട്ടുള്ളൂ. 1888ല്‍ കര്‍ണാടകയില്‍ ജനിച്ച ടി.കൃഷ്ണമാചാരിയാണ് യോഗയെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്. മൈസൂര്‍ രാജാവായ കൃഷ്ണദേവ വോഡയാര്‍ കാശിയില്‍വെച്ച്, കൃഷ്ണമാചാരിയെ പരിചയപ്പെടുകയും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. യോഗക്ക് ഒരു ഒൗദ്യോഗിക സ്വരം വരുന്നത് അന്നുതൊട്ടു മാത്രമാണ്. ഇന്നുകാണുന്ന രീതിയിലേക്ക് യോഗയെ വ്യാഖ്യാനിച്ചത് അദ്ദഹേമാണ്. കൃഷ്ണമാചാര്യയുടെ മരണശേഷം സഹോദരന്‍ ബി.കെ.എസ് അയ്യാര്‍, മകന്‍ ടി.വി.കെ ദേശികാചാര്‍, കെ.പട്ടാഭി എന്നിവരാണ് യോഗയെ വിദേശത്ത് എത്തിച്ചത്. സാധാരണക്കാര്‍ക്ക് ചെയ്തു നോക്കാന്‍ ഉതകുന്ന യോഗാസന മുറകളും, ധ്യാനവുമൊക്കെ വികസിച്ചത് ഇക്കാലത്താണ്. ഇതില്‍ ബി.എസ് അയ്യാര്‍ പ്രശസ്ത വയലിനിസ്റ്റ് യഹൂദി മെനൂഹിനെ പരിചയപ്പെട്ടത് യോഗയുടെ കാര്യത്തിലും വഴിത്തിരിവായി. തന്‍െറ പരിപാടി നടക്കുന്ന വിദേശരാജ്യങ്ങളില്‍ മെനൂഹില്‍ അയ്യാറുടെ യോഗാഭ്യാസംകൂടി വെച്ചതോടെയാണ് ഇത് വിദേശത്ത് പ്രചരിക്കുന്നത്. അല്ലാതെ, ഇന്ന് പ്രചരിപ്പിക്കപ്പെടുന്നതുപോലെ, യോഗ പഠിക്കാനായി വിദേശികള്‍ കൂട്ടമായി ഹിമാലയ സാനുക്കളിലേക്ക് വന്നതല്ല. രണ്ടാംലോക മഹായുദ്ധം സൃഷ്ടിച്ച ശാരീരികവും, മാനസികവും സാമ്പത്തികവുമായ തകര്‍ച്ചയും അയ്യാര്‍ക്കും ഇന്ത്യന്‍ യോഗക്കും തുണയായി!

പിന്നീടിങ്ങോട്ട് യോഗ ഗുരുക്കളുടെ അയ്യരുകളിയാണ്. സ്വാമി സച്ചിദാനന്ദതൊട്ട് നമ്മുടെ ബാബാ രാംദേവും, ശ്രീ ശ്രീ രവിശങ്കറും അടക്കമുള്ള നീണ്ട നിര, എങ്ങനെ ശ്വസിക്കണമെന്നും എങ്ങനെ ആനന്ദിക്കണമെന്നും വന്‍തുക ഫീസ് വാങ്ങി കോഴ്സുകളായി നമ്മെ പഠിപ്പിക്കുന്നു. പതഞ്ജലിയുടെ യോഗയുമായി ഇവക്കൊന്നും യാതൊരു ബന്ധവുമില്ല.

യോഗ ശാസ്ത്രീയമോ?
സയന്‍സ് എന്ന ഇംഗ്ളീഷ് വാക്കിന് പൊതുവെ ശാസ്ത്രം എന്ന് തര്‍ജ്ജമ ചെയ്യാറുള്ളതിനാല്‍ നമ്മുടെ നാട്ടില്‍ എന്തും ശാസ്ത്രമാണല്ളോ? പക്ഷിശാസ്ത്രവും, ഗൗളിശാസ്ത്രവും, ഹസ്തരേഖാ ശാസ്ത്രവും പോലുള്ള ഒരു ശാസ്ത്രം തന്നെയാണ് സത്യത്തില്‍ യോഗാശാസ്ത്രവും! അതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. യോഗാ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്ന കൃത്രിമമായ പഠന റിപ്പോര്‍ട്ടുകള്‍ അല്ലാതെ ഒരു ശാസ്ത്രീയ പഠനത്തിലും യോഗയെ ഒരു ചികില്‍സാ പദ്ധതിയായി കണ്ടിട്ടില്ല. ഒരു അംഗീകൃത ശാസ്ത്രമാസികയിലും ഇതു സംബന്ധിച്ച് പഠനവും വന്നിട്ടില്ല.

പരീക്ഷണം, നിരീക്ഷണം, നിഗമനം എന്ന ശാസ്ത്രത്തിന്‍െറ അടിസ്ഥാന രീതിയില്‍നിന്ന് യോഗാചാര്യന്‍മ്മാര്‍ എന്നും ഒഴിഞ്ഞുമാറുകയാണ് പതിവ്. വ്യക്തിപരമായ അനുഭവങ്ങളെയും നിരീക്ഷണങ്ങളെയും ഒരു ശാസ്ത്ര സത്യമായി കണക്കാക്കാന്‍ കഴിയില്ല. അതായത് യോഗ പരിശീലിച്ചതുകൊണ്ട് എന്‍െറ പ്രമേഹം കുറഞ്ഞുവെന്ന് ഒരാള്‍ അവകാശപ്പെട്ടാല്‍ അത് ശാസ്ത്രീയമാവില്ല. അതിനാണ് ആധുനിക വൈദ്യശാസ്ത്ര ആര്‍.സി.ടി പരീക്ഷണങ്ങള്‍ വെക്കുന്നത്.

നൂറു പ്രമേഹ രോഗികളെ അമ്പതു വീതമുള്ള രണ്ടു ഗ്രൂപ്പാക്കി ഒരു ഗ്രൂപ്പിന് മരുന്നും, മറ്റേ ഗ്രൂപ്പിന് യോഗയും നല്‍കുക. യോഗ ശീലിച്ച ഗ്രൂപ്പിന് മൊത്തമായി പ്രമേഹത്തില്‍നിന്ന് മോചനമോ, മാറ്റമോ ഉണ്ടാവുകയാണെങ്കില്‍ മാത്രമേ, യോഗ ഒരു ചികില്‍സാ പദ്ധതിയാണോ എന്നതിന്‍െറ അന്വേഷണങ്ങള്‍ തുടരാനാവൂ. ഇത്തരത്തില്‍ ഒരു പഠനം ലോകത്തില്‍ എവിടെയെങ്കിലും നടന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് മൂടിവെക്കേണ്ട കാര്യമെന്താണ്. സൂര്യനമസ്ക്കാരംകൊണ്ട് പ്രമേഹവും, രക്തസമ്മര്‍ദ്ദവുമൊക്കെ മാറുമെങ്കില്‍ നൊബേല്‍ സമ്മാനം കിട്ടേണ്ട കണ്ടത്തെലല്ളേ അത്? ആന്‍റിബയോട്ടിക്കുകളും, വാക്സിനുകളും കണ്ടത്തെിയതുപോലുള്ള ഒരു വൈദ്യശാസ്ത്ര വിപ്ളവമാകില്ളേ അത്. പക്ഷേ യോഗയില്‍ എല്ലാം നിഗൂഢമാണ്. നിങ്ങള്‍ക്ക് ഫലിക്കുന്ന ഒരു ചികില്‍സാരീതി എനിക്ക് ഫലിക്കില്ലത്രേ. ഇതിനെയാണ് അശാസ്ത്രീയം എന്ന് വിളിക്കുന്നത്. ചാത്തന്‍സേവ കൊണ്ട് അസുഖം മാറിയെന്ന് അവകാശപ്പെടുന്ന പലരുമുണ്ട്. എന്നുവെച്ച് ചാത്തന്‍ സേവക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിട്ടുകൊടുക്കാറില്ല! നരേന്ദ്രമോദി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതും അതുതന്നെയാണ്.

പിന്നെ, ഇതില്‍ മറ്റൊരുകാര്യം കൂടിയുണ്ട്. ‘പസ്ളീബോ ഇഫക്റ്റ്’ എന്ന് ആധുനിക ശാസ്ത്രം പറയുന്ന താനേ മാറല്‍ പക്രിയ. വൈറസ് രോഗങ്ങളില്‍ പലതും ഒരു ഘട്ടം കഴിഞ്ഞാല്‍ സ്വയം മാറും. മിക്കരോഗങ്ങളുടെയും ലക്ഷണങ്ങള്‍ ഏറ്റക്കുറച്ചിലുകള്‍ കാണിക്കുകയും ചെയ്യും.ചിലര്‍ക്ക് മാനസിക സമ്മര്‍ദങ്ങള്‍കൊണ്ടായിരിക്കും രോഗ ഭീതിയുണ്ടാവുക. യോഗയിലൂടെ ശ്വാസംവലിച്ചുവിടുമ്പോള്‍ രോഗം മാറിയെന്ന ആശ്വാസംമതി അവര്‍ക്ക് സൗഖ്യം തോന്നാന്‍. ഹോമിയോപതിയും, നാച്ചുറോപ്പതിയും അടക്കമുള്ള സകല കപടചികില്‍സകരും യുക്തിഭദ്രമായി ഉപയോഗിക്കുന്ന വിദ്യയാണിത്! ഗവേഷകനും ശാസ്ത്രലേഖകനുമായ ഡോ. മനോജ് കോമത്ത് ചൂണ്ടിക്കാട്ടുന്നപോലെ ‘യോഗക്കുപകരം ചീട്ടുകളി നടത്തി ഒരാള്‍ക്ക് ‘രോഗം’ മാറിയാല്‍ ചീട്ടുകളിയെ സമാന്തര ചികില്‍സാരീതിയായി നമ്മുടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചുകളയും!
അതിനേക്കാള്‍ അപടകരം നിലവിലുള്ള മരുന്നുകള്‍ നിര്‍ത്തിച്ച് യോഗാചാര്യന്‍മ്മാര്‍ ആളുകളെ ഇതിലേക്കുകൊണ്ടുവന്ന് കൊല്ലാക്കൊലചെയ്യുന്നതാണ്. ഒറ്റയടിക്ക് ഇന്‍സുലിന്‍ നിര്‍ത്തുന്നതുപോലുള്ള പാതകങ്ങള്‍ ഇപ്പോള്‍ കാണാം. വരട്ടുചൊറിയോ,വളംകടിയോ ഒക്കെ യോഗ മൂലം ചികില്‍സിച്ചാലും വലിയ കുഴപ്പമില്ല. പക്ഷേ ഹെപ്പറ്റെറ്റിസ് പോലുള്ള രോഗങ്ങളില്‍ പെട്ടവര്‍ കുണ്ഡലിനി ഉണരുന്നതും കാത്ത് അഭ്യാസവുമായി കഴിഞ്ഞാലോ? ഇത് അതിശയോക്തിയല്ല. പാമ്പു കടിച്ചവന്‍പോലും പ്രാണായാമം ചെയ്യുന്ന ഭീതിദമായ ശാസ്ത്ര വിരുദ്ധതയിലേക്കാണ്, വിദ്യാസമ്പന്നരായ മലയാളി സമൂഹംപോലും കൂപ്പുകുത്തുന്നത്.

യോഗ ഒരു വ്യായാമ മുറയാണോ?

എല്ലാ ശ്രമങ്ങളും പരാജയപെട്ടയാള്‍ ശ്രീനാരായണ ഗുരുവിനോട് പറഞ്ഞ മലശോധനപോലെ, യോഗ ചികില്‍സാരീതിയല്ളെന്ന് സമ്മതിക്കുന്നവര്‍പോലും അതൊരു വ്യായാമ മുറയല്ളേയെന്ന് ചോദിക്കാറുണ്ട്. ഓറിഗണ്‍ സര്‍വകലാശാലയിലെ വ്യായാമ വിഭാഗം ഇതിനായി വിശദമായ പഠനം നടത്തി. യോഗയെ ആഫ്രിക്കന്‍ നൃത്തവുമായി താരതമ്യം ചെയ്ത് നടത്തിയ പഠനത്തില്‍ യോഗക്ക് പ്രത്യേകമായൊരു മെച്ചം കണ്ടത്തൊനായില്ല. (നമ്മുടെ നടപ്പുരീതി അനുസരിച്ചാണെങ്കില്‍ ആഫ്രിക്കന്‍ നൃത്തത്തിനായി ഒരു ഡിപ്പാര്‍ട്ട്മെന്‍റ് തുടങ്ങിക്കളയും). അമേരിക്കന്‍ കൗണ്‍സല്‍ ഓഫ് എക്സൈര്‍സൈസ് യോഗ പരിശീലിക്കുന്നവരുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് പഠിച്ചപ്പോഴും ഫലം നെഗറ്റീവായിരുന്നു. യോഗകൊണ്ട് ഹൃദയാരോഗ്യത്തിന് എന്തങ്കെിലും മെച്ചമുണ്ടാകുമെന്ന് കണ്ടത്തൊനായില്ല. ശരീരഭാരം കുറക്കുന്നതിലും സാധാരണ വ്യായാമത്തേക്കാള്‍ യോഗ മെച്ചമല്ളെന്ന് ഇതേ ടീം പിന്നീട് നടത്തിയ പഠനത്തില്‍ തെളിഞ്ഞു. 50 മിനിട്ട് ഹഠയോഗ ചെയ്യന്നവര്‍ തുല്യസമയം ജോഗിങ്ങ് ചെയ്യന്നവരേക്കാള്‍ കുറഞ്ഞ കലോറിയെ ചെലവാക്കുന്നുള്ളൂ എന്നായിരുന്നു പഠന റിപ്പോര്‍ട്ടുകള്‍.

ഇനി യോഗാചാര്യന്‍മ്മാര്‍ ആനക്കാര്യമായി കൊണ്ടുനടക്കുന്നത്, സമ്മര്‍ദ്ദം, സന്ധിവാതം തുടങ്ങിയവ കുറക്കുന്നതിന് യോഗാസനങ്ങള്‍ക്ക് കഴിയുമെന്ന ചില പഠന റിപ്പോര്‍ട്ടുകളാണ്. ഇവിടെയാണ് വാക്കുകള്‍കൊണ്ടുള്ള കളി. കുറക്കാനോ കഴിയൂ, മാറ്റാന്‍ കഴിയില്ല. അതോടൊപ്പം മറ്റൊന്നുകൂടി ശ്രദ്ധിക്കണം. ഇതേ ഗുണഫലം സാധാരണ വ്യായമ മുറകള്‍കൊണ്ടും നേടിയെടുക്കാം. അപ്പോള്‍ പിന്നെ പരഹംസര്‍ ചോദിച്ചപോലെ, ഞെളിഞ്ഞും പിരിഞ്ഞും ഊപ്പാടിളകി ജീവിതം പാഴാക്കേണ്ടതുണ്ടോ?
ആധുനിക ശാസ്ത്ര പഠനങ്ങളുടെ നിഗമനം ഇങ്ങനെയാണ്. യോഗയെ ഒരു സമഗ്ര വ്യായാമ പദ്ധതിയായി കാണാനാവില്ല. പുലര്‍കാലത്തെ ജോഗിങ്ങിന്‍െറ ഗുണംപോലും അത് തരുന്നില്ല. രാവിലെ സൂര്യ നമസ്ക്കാരമല്ല, അല്‍പ്പം നടത്തമോ, ഓട്ടമോ ആണ് നമുക്ക് വേണ്ടത്. പക്ഷേ ഇവിടെയും നേരത്തെ പറഞ്ഞ ‘പ്ളസീബോ ഇഫക്റ്റ്’ കിടന്ന് കളിക്കുന്നുണ്ട്. കാര്യമായ വ്യായമമൊന്നുമില്ലാതെ ഫാസ്റ്റ്ഫുഡ്ഡും കഴിച്ച് ജീവിക്കുന്നവര്‍ക്ക് അതിരാവിലെ എണീറ്റ് യോഗാവ്യായാമം ചെയ്താല്‍ ക്രമേണ സൗഖ്യം തോന്നും. പക്ഷേ, ഇതുതന്നെയാണ് സാധാരണ വ്യായാമം ചെയ്താലും കിട്ടുക. പിന്നെ യോഗയെ മാത്രം എന്തിനാണ് മഹത്വവല്‍ക്കരിക്കുന്നത്?

യോഗാ കസര്‍ത്തുകൊണ്ട് ദോഷങ്ങളും

സാര്‍സും പന്നിപ്പനിയുമൊക്കെ പടരുന്ന ഒരുകാലത്ത് കൂട്ടമായി സുദര്‍ശനക്രിയയും പ്രാണായാമവുമൊക്കെ ചെയ്താല്‍ എങ്ങനെയിരക്കും എന്നത് സാങ്കല്‍പ്പിക ചോദ്യമായി നമുക്ക് ചിരിച്ചു തള്ളാം. പക്ഷേ ഉഛാസം ശക്തിപ്പെടുത്തിയും നിശ്വാസം കുറച്ചും നടത്തുന്ന ക്രിയകള്‍ മസ്തിഷ്ക്കത്തെ ബാധിക്കും. തലച്ചോറില്‍ കാര്‍ബണ്‍ഡയോക്സൈഡ് അടിഞ്ഞുകൂടി അത് സെറിബല്ലത്തെ ബാധിച്ചാണ് സുദര്‍ശനക്രിയകളിലൊക്കെ ആളുകള്‍ക്ക് മായികാനുഭൂതി തോന്നുത്. ഇതൊക്കെ വെറും പത്താംക്ളാസ് സയന്‍സ് മാത്രമാണ്.( മുമ്പ് പലതവണ എഴുതിയതിനാല്‍ അതിലേക്ക് കടക്കുന്നില്ല)

യോഗയിലെ ഒട്ടേറെ ആസനങ്ങള്‍ ശരീരത്തിന് ദോഷകരമാണ്. ‘യോഗ ഫോര്‍ ട്രാന്‍സ്ഫോര്‍മേഷന്‍’ എന്ന ഗ്രന്ഥം എഴുതിയ ഗാരി ക്രാഫ്ട്സോ ചൂണ്ടിക്കാട്ടിയതും പിന്നീട് ശാസ്ത്രം സ്ഥിരീകരിച്ചതുമായ സത്യങ്ങളാണിവ. ഇന്ന് പരിശീലിപ്പിക്കുന്ന പൊസിഷനുകില്‍ പലതും നട്ടെല്ലിനും ഡിസ്ക്കിനും തകരാറ് ഉണ്ടാക്കുന്നവയാണ്. മുട്ടുമടക്കി പിറകോട്ടിരിക്കുന്ന ആസനങ്ങളില്‍ ‘മെനിസ്ക്കസ് കാര്‍ട്ടിലേജ്’ ക്ഷതങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. ശീര്‍ഷാസനവും കഴുത്തിന് സ്ട്രെയിന്‍ നല്‍കുന്നു എന്ന് മാത്രമല്ല, തലച്ചോറിലേക്കുള്ള രക്തസമ്മര്‍ദം വര്‍ധിക്കും എന്ന കാരണത്താല്‍ അപകടകാരി കൂടിയാണ്. ഇനിയും സംശയം തീരാത്തവര്‍ അമേരിക്കയിലെ കണ്‍സ്യൂമര്‍ പ്രൊഡകട് സേഫ്ടി കമീഷന്‍ പുറത്തുവിട്ട കണക്കുകള്‍ നോക്കുക. അമേരിക്കയില്‍ മാത്രം 2004ല്‍ 2008 വവെയുള്ള കാലയളവില്‍ പതിനയ്യായിരത്തോളം കേസുകളാണ് യോഗ ക്ഷതങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായത്. അവിടെ നിയമം ശക്തമായതിനാല്‍ 11 മില്യന്‍ ഡോളറാണ് നഷ്ടപരിഹാരം നല്‍കേണ്ടിവന്നത്. (നമ്മുടെ നാട്ടിലാണെങ്കില്‍ മഹത്തായ യോഗയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് ചിലപ്പോള്‍ അകത്താക്കിയേനെ) യോഗ മൂലമുള്ള ഒടിവും ചതവും ക്ഷതങ്ങളുമായി കഷ്ടപ്പെടാന്‍ യോഗമുള്ളവര്‍ നമ്മുടെ നാട്ടിലും നിരവധിയുണ്ടെങ്കിലും പുറത്തുപറയാന്‍ പോലും ആര്‍ക്കും ധൈര്യമില്ല. ഫാസിസത്തിന്‍െറ രാഷ്ട്രീയ കലാവസ്ഥയില്‍ പ്രത്യേകിച്ചും!

കടപ്പാട് : എം.ഋജു
വിവരങ്ങള്‍ക്ക് കടപ്പാട്:
Yoga: the mith and reality – ഡോ. സോമശേഖര്‍
ദിവ്യാത്ഭുദങ്ങള്‍ ശാസ്ത്ര ദൃഷ്ടിയില്‍ – ബി.പ്രേമാനന്ദ്
ചികില്‍സയുടെ പ്രകൃതി പാഠങ്ങള്‍ -ഡോ. മനോജ് കോമത്ത്
ശാസ്ത്രവും കപട ശാസ്ത്രവും -ശാസ്ത്ര സാഹിത്യ പരിഷത്ത്
– See more at:
http://www.madhyamam.com/news/358772/150619
http://www.madhyamam.com/news/358772/150619#sthash.PJ7Sh24s.dpuf

(ശ്രദ്ധിക്കുക, ഈ ലേഖനം ക്രിയേറ്റീവ് കോമ്മണ്‍സ് അല്ല, പൊതുജനത്തിന്റെ അറിവിലേയ്ക്ക് വരേണ്ടതിനാല്‍ പങ്കുവയ്ക്കുകയാണു്)

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

മലയാളവും ഭാഷാ സാങ്കേതിക വിദ്യയും

അനില്‍കുമാര്‍ കെ വി

മലയാളത്തിന്റെ വകാസത്തിനും വളര്‍ച്ചയ്ക്കും അതിനെ ആധുനിക വിവര സാങ്കേതിക വിദ്യയ്ക്കു് വഴങ്ങുന്നതാക്കണമെന്ന ധാരണയാണു് പൊതുവെ മലയാള ഭാഷാ സമൂഹം വെച്ചു് പുലര്‍ത്തുന്നതു്. ഭാഷയെ സാങ്കേതിക വിദ്യക്കു് വഴങ്ങുന്നതാക്കുക എന്ന ആശയം കാലഹരണപ്പെട്ടതാണു്. ടെപ്പ്റൈറ്റര്‍ യുഗത്തിലുണ്ടായ സാങ്കേതിക പരിമിതി ആധുനിക വിവരസാങ്കേതിക വിദ്യക്കില്ല. ഭാഷാ നിയമങ്ങള്‍ക്കും ഭാഷാ സമൂഹത്തിന്റെ താല്പര്യങ്ങള്‍ക്കും അനുസൃതമായി സാങ്കേതിക വിദ്യ പാകപ്പെടുത്തിയെടുക്കാന്‍ സാധിക്കും.


ഭാഷാ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ സമൂഹത്തില്‍ വേണ്ടവിധത്തില്‍ പ്രചാരം നേടിയിട്ടില്ലെന്നതാണു് ഇന്നത്തെ അവസ്ഥ.. അതിനായി ഈ രംഗത്തുള്ള സംഘടനളുടേയും വ്യക്തികളുടേയും ഇടപെടലുകള്‍ ഇനിയുമേറെ ഉണ്ടാകേണ്ടതുണ്ടു്.

 1. ഭാഷ സമൂഹത്തില്‍ സ്വതന്ത്രമായി വികസിച്ചു് വന്നതാണു്. ഭാഷയ്ക്കു് മാറ്റം സ്വാഭാവികമായും സ്വതന്ത്രമായും ഉണ്ടാകേണ്ടതാണു്. മലയാളത്തിനു് ഒരു ബോധപൂര്‍വ്വമായ പരിഷ്കരണത്തിന്റെ ആവശ്യമില്ല, വേണ്ടതു് ചില പരിപാലനങ്ങളാണു്.

 2. ഭാഷയുടെ സജീവത നിലനിര്‍ത്തിയാണു്, അതിനോടു് നീതിപുലര്‍ത്തേണ്ടതു്. മലയാളത്തിന്റെ പരിപാലനത്തിനാവശ്യമായ സംവിധാനങ്ങള്‍ ഇന്നു് തന്നെ കേരളത്തിലേറെയുണ്ടു്. വിവിധ സര്‍വ്വകലാശാലകളിലെ മലയാളംവകുപ്പുകള്‍, മലയാളം പഠനകേന്ദ്രങ്ങള്‍, മറ്റു വിദ്യാലയങ്ങള്‍, വായനശാലകള്‍, സാസ്കാരിക കേന്ദ്രങ്ങള്‍, സാഹിത്യകൂട്ടായ്മകള്‍, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും സംഘടനകളും, ഭാഷാ സാങ്കേതിക കൂട്ടായ്മകള്‍ എന്നിവയൊക്കെ അതില്‍പെടുന്നു. അവയെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു് ശക്തിപ്പെടുത്തുകയാണു് സര്‍ക്കാര്‍ ചെയ്യേണ്ടതു്. മലയാളത്തിന്റെ സജീവത നിലനിര്‍ത്താന്‍, അതു് എല്ലാ തുറകളിലും ഉപയോഗിക്കുകയാണു് വേണ്ടതു്. അതിനുള്ള നടപടിക്രമങ്ങളുണ്ടാകണം.

 3. മനുഷ്യര്‍ കൈകാര്യം ചെയ്യുന്ന എല്ലാ ക്രീയകളേയും, അവയുടെ അവസ്ഥാ വിശേഷണങ്ങളേയും സൂചിപ്പിക്കാനുള്ള പദശൈലി സമ്പത്തു് മലയാളത്തിനുണ്ടു്. പുതുതായി ഉരുത്തിരിഞ്ഞ അറിവുകളോ, അന്യനാട്ടില്‍നിന്നും വന്ന കാര്യങ്ങളോ സൂചിപ്പിക്കുന്ന ചില നാമപദങ്ങള്‍ ഒരു പക്ഷെ ഇല്ലെന്നു് വന്നേക്കാം. അതു് മറ്റു് ഭാഷകളില്‍ നിന്നും നേരിട്ടു് സ്വീകരിക്കാവുന്നവയാണു്. അന്യഭാഷാപദം സ്വീകരിക്കുന്നതിനോടൊപ്പം തന്നെ, അതിനേക്കാള്‍ ഉചിതമായ ഒരു മലയാളപദം തേടിയെടുക്കാവുന്നതാണു്. സാംസ്കാരിക മാറ്റത്തിന്റേയും മറ്റും ഫലമായി ഉപയോഗിക്കാതെ, അന്യംനിന്നുപോയ പദങ്ങളും, ശൈലികളും, പുതിയകാര്യങ്ങളെ സൂചിപ്പിക്കാന്‍ അനുയോജ്യമാണെങ്കില്‍ അവയെ വീണ്ടും പ്രയോഗത്തില്‍ കൊണ്ടുവരാനും ശ്രദ്ധിക്കേണ്ടതാണു്. പ്രാദേശിക വ്യതിയാനങ്ങള്‍കൊണ്ടു് സമ്പന്നമായ മലയാളത്തില്‍ അത്തരം സാദ്ധ്യതകള്‍ ധാരാളമുണ്ടു്. മലയാളത്തില്‍ നിലവിലുള്ള നാമപദങ്ങള്‍ക്കു് പകരമായി ഒരു അന്യഭാഷാപദത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതില്ല. ഉപയോഗിക്കാതെ ലോപിച്ചുപോകുന്ന വാക്കുകളെ തിരിച്ചുപിടിക്കാന്‍ വിക്കിപീഡിയയില്‍ ഉള്ളതുപോലെ ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഒരു പരിപാടി ഗുണംചെയ്യും.

 4. സ്വതന്ത്രമായി വികസിച്ചുവന്ന ഭാഷ സമൂഹത്തിന്റെയാകെ സ്വത്താണു്. അവ സ്വതന്ത്രമായി തന്നെ ഇനിയും വികസിക്കണം. അതിനാല്‍ ഭാഷയുടെ സാങ്കേതിക സംവിധാനങ്ങളും സ്വതന്ത്രമായിരിക്കണം. അതിനാല്‍ ഭാഷയുടെ സാങ്കേതിക വിദ്യാ വികസനം സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ തന്നെ വേണം.

 5. മലയാളം ഭാഷാ സാങ്കേതിക വിദ്യാ രംഗത്തു് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചതു്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാധീനമുള്ളതുകൊണ്ടാണു് ഇതു് സാദ്ധ്യമായതു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടു് മാത്രമേ, ഭാഷാ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ മലയാളത്തിനു് നന്നായി ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുകയുള്ളു. ഒപ്പം തന്നെ ഇത്തരം കൂട്ടായ്മകളുടെ പാരസ്പര്യവും മെച്ചപ്പെടുത്തേണ്ടതുണ്ടു്.

 6. പൊതുമേഖലാ സ്ഥാപനങ്ങള്‍ എറ്റെടുത്തിട്ടുള്ള ഭാഷാ സാങ്കേതിക വിദ്യാ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശ്രമം വേണം, അവയുടെ സ്രോതസുകള്‍ സ്വതന്ത്ര ഉപയോഗ അനുമതിയോടെ പ്രസിദ്ധപ്പെടുത്തണം. കേവലം പ്രദര്‍ശന കാര്യങ്ങളായി (show casing) മാത്രം അതിനെ കാണാതെ, അവയുടെ ഉപയോഗം ജനങ്ങളിലേക്കെത്തിക്കാനുള്ള പ്രായോഗിക സമീപനം കൂടി വേണം. ഉപയോഗിക്കുന്നവരുമായി സംവദിക്കുവാന്‍ സജീവമായ വേദികള്‍ രൂപപ്പെടുത്തണം.

 7. ഭാഷാ സാങ്കേതിക വിദ്യാ രംഗത്തെ സര്‍ക്കാര്‍ പദ്ധതികള്‍, ആ രംഗത്തു് പ്രവര്‍ത്തിക്കുന്ന സംഘങ്ങളുമായി സഹകരിച്ചു് നടപ്പിലാക്കുമെന്നു് പറയാറുണ്ടെങ്കിലും, പലപ്പോഴും നടക്കാറില്ല. അത്തരം യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കു് വ്യക്തമായ രൂപരേഖയും പ്രായോഗിക സമീപനവും രൂപപ്പെടുത്തണം.

 8. മലയാളം ലിപി സാക്ഷാല്‍ക്കരണത്തില്‍ പരിഹരിക്കപ്പെടേണ്ടുന്ന ചില കാര്യങ്ങള്‍ ഇനിയുമുണ്ടു്. അവയ്ക്കു്, അക്ഷര സഞ്ചയങ്ങള്‍, റെന്‍ഡറിങ് ലൈബ്രറികള്‍, തുടങ്ങി പലതലങ്ങളിലുള്ള പ്രതിവിധികളാണു് വേണ്ടതു്. ഓരോ തലത്തിലേയും പ്രശ്നങ്ങള്‍ക്കു്, അതാതുതലത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പരിഹാരം കണ്ടെത്തണം.

 9. മലയാളത്തില്‍ അക്ഷര സഞ്ചയങ്ങള്‍ (Fonts) കുറവാണു്, പ്രത്യേകിച്ചു് അലങ്കാര അക്ഷര സഞ്ചയങ്ങള്‍. കേരളത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനകളുമായി സഹകരിച്ചു് അവ വികസിപ്പിക്കണം. ഈ അക്ഷര സഞ്ചയങ്ങള്‍ സ്വതന്ത്ര ഉപയോഗ അനുമതിയോടെ വേണം വിതരണം ചെയ്യാന്‍.

 10. പല ഭാഷാ സാങ്കേതിക സംവിധാനങ്ങള്‍ രൂപപ്പെടുത്താനും വലിയ തോതില്‍ മലയാളം ഉള്ളടക്കം ആവശ്യമാണു്. അതിനാല്‍ ഉള്ളടക്ക നിര്‍മ്മാണത്തിനു് വളരെയേറെ ഊന്നല്‍ കൊടുക്കണം.

 11. ഉപയോഗ യോഗ്യമായ യാന്ത്രിക എഴുത്തു്, വിവര്‍ത്തനം എന്നീ സംവിധാനങ്ങള്‍ മലയാളത്തിനു് വേണ്ടി വികസിപ്പിക്കുന്നതിലുള്ള കാലതാമസം വലിയ ദോഷം ചെയുന്നുണ്ടു്. പലതലങ്ങളില്‍ പാരസ്പര്യമില്ലാതെ നടക്കുന്ന ശ്രമങ്ങളെ ഏകോപിപ്പിച്ചു് ഇവ പെട്ടന്നു് തന്നെ യാഥാര്‍ത്ഥ്യമാക്കണം.

 12. സര്‍ക്കാര്‍ അധീനതയിലുള്ള പ്രസിദ്ധീകരണങ്ങളും രേഖകളും സ്വതന്ത്ര ഉപയോഗ അനുമതിയോടെ പ്രസിദ്ധപ്പെടുത്തണം. അവ വിക്കിപീഡിയ പോലുള്ള സ്വതന്ത്ര വിജ്ഞാന സംരംഭങ്ങള്‍ക്കു് ഏറെ സഹായയകരമാകും.

 13. സ്കൂള്‍ വിക്കി പദ്ധതികള്‍ ശക്തിപ്പെടുത്തണം. കുട്ടികളെ മലയാളത്തിലുള്ള സ്വതന്ത്ര പ്രാദേശിക ഭൂപടനിര്‍മ്മാണം പരിശീലിപ്പിക്കണം

 14. കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു് ഭാഷാ സാങ്കേതിക വിദ്യാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കുകയും പ്രോത്സാഹനം നല്‍കുകയും വേണം.

 15. പാഠ്യപദ്ധതിയുടെ ബന്ധപ്പെട്ട തലങ്ങളിലൊക്കെ ഭാഷാ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തണം. അവയെ കാലോചിതമായി പിഷ്കരികരിക്കാനുള്ള സംവിധാനമൊരുക്കണം.

 16. കമ്പ്യുട്ടര്‍ സംബന്ധമായ ബിരുദങ്ങളുടെ പാഠ്യപദ്ധതികളില്‍ ഭാഷാ കമ്പ്യൂട്ടിങ്ങ് ഉള്‍പ്പെടുത്തണം.

മലയാളത്തിന്റെ സജീവത വരും കാലങ്ങളിലും നിലനിര്‍ത്താന്‍, താഴെ പറയുന്ന ഏതാനം കാര്യങ്ങള്‍ നടപ്പിലാക്കാനെങ്കിലും സര്‍ക്കാരും, തല്‍പരരായ സ്ഥാപനങ്ങളും, സംഘടനകളും, വ്യക്തികളും ശ്രദ്ധിക്കണം.

 • കുട്ടികളുടെ പഠനം അവരവരുടെ മാതൃഭാഷയിലാക്കണം

 • കേരളത്തിന്റെ ഭരണഭാഷ പെട്ടന്നു് തന്നെ മലയാളത്തിലാക്കണം. കോടതി ഭാഷ മലയാളത്തിലാക്കണം.

 • ശാസ്ത്ര സാങ്കേതിക രംഗത്തെ വിഷയങ്ങള്‍ മലയാളത്തില്‍ അപ്പപ്പോള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നു് ഉറപ്പു് വരുത്തണം

 • ശ്രദ്ധേയങ്ങളായ അന്യഭാഷാ പുസ്തകങ്ങള്‍ മലയാളത്തിലേക്കു് കാലംവിനാ വിവര്‍ത്തനം ചെയ്യപ്പെടാനുള്ള സംവിധാനമൊരുക്കണം

 • മലയാളരചനകള്‍ അന്യഭാഷക്കാര്‍ക്കു് പരിചയപ്പെടുത്താനുള്ള വേദിയൊരുക്കണം.

 • പ്രാദേശികമായി മലയാളം സാംസ്കാരിക സദസ്സുകള്‍ ഇടക്കിടെ നടത്തണം. പ്രഗത്ഭര്‍ വന്നു് സംസാരിച്ച് സ്ഥലം വിടുന്ന പതിവു് മാറ്റി, സജീവസംവാദ വേദികളായി ഇവ മാറണം.

 • കുട്ടികളുടെ പരന്ന വായനയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പാഠ്യപദ്ധതികള്‍ ക്രമീകരിക്കണം.

 • പ്രാദേശികചരിത്രം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം

 • സര്‍ക്കാരിന്റെ പ്രസിദ്ധീകരണങ്ങള്‍, രേഖകള്‍ എന്നിവ മലയാളത്തില്‍ സ്വതന്ത്രോപയോഗ അനുമതിയോടെ പ്രസിദ്ധീകരിക്കണം.

 • പരമ്പരാഗത തൊഴില്‍ വൈദഗ്ദ്യം, പ്രാദേശികമായ ചികിത്സാരീതികള്‍, കൃഷിരീതികള്‍, ജൈവവൈവിദ്ധ്യങ്ങള്‍, കാലാവസ്ഥാ, ഭൂപ്രകൃതി, ആചാരാനുഷ്ഠാനങ്ങള്‍, കളികള്‍, തുടങ്ങിയ നാട്ടറിവുകള്‍ രേഖപ്പെടുത്തിവെക്കണം.

 • പുതുതായി വരുന്ന സാങ്കേതിക വിദ്യകള്‍ ഭാഷക്കു് വഴങ്ങുന്നതിനായുള്ള സംവിധാനങ്ങളൊരുക്കണം. കമ്പ്യൂട്ടർ, മൊബൈൽ നിര്‍മ്മാതക്കാളുമായി ബന്ധപ്പെട്ടു് അവരുടെ ഉല്‍പന്നങ്ങള്‍ മലയാളഭാഷയ്കുതകുന്നതരത്തിലാക്കുവാൻ ഔദ്യോഗികമായ ശ്രമം നടക്കേണ്ടതുണ്ടു്.

 • സ്കൂളുകളിൽ ആരംഭിച്ചിട്ടുള്ള ഐ.ടി പഠനം കോളേജുകളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ടു്

കടപ്പാട് : അനില്‍ കുമാര്‍ കെ.വി. (anilankv@gmail.com)

Posted in Uncategorized | 1 അഭിപ്രായം

കവിത

നിർഭയ

ഇരുട്ടിനെ പ്രണയിയ്ക്കണം എനിയ്ക്ക് ..
ഏകാന്തതയുമായി സല്ലപിച്ചിരിയ്ക്കണം ..
ഉറങ്ങാൻ കൂട്ടാക്കാത്ത എന്റെ കല്ലോലിനിയെ താരാട്ടു പാടിയുറക്കണം !
രാപ്പാടികളുമായി അന്താക്ഷരി കളിയ്ക്കണം !
എന്റെ ജനലഴിയിൽ കിന്നരിയ്ക്കാൻ വരാറുള്ള കിഴക്കൻ കാറ്റിനെ
തീരാക്കഥകൾ പറഞ്ഞു തോല്പിയ്ക്കണം !
പാലമരക്കൊമ്പിൽ ഊഞ്ഞാലാടണം
വെളുത്ത പൂക്കൾക്ക് ചോര തുപ്പി കൊടുത്തു ചുവപ്പാക്കണം !
ഗന്ധർവനെ ഇക്കിളിപ്പെടുത്തണം ..!
പാലച്ചോട്ടിലെ യക്ഷിയുടെ കൊന്ത്രന്പല്ലെടുത്ത്
രാത്രിഞ്ചരന്മാരെ പേടിപ്പെടുത്തണം !
രാത്രി നിങ്ങൾക്ക് മാത്രമുള്ളതല്ലെന്നു ഓർമപ്പെടുത്തണം
എനിയ്ക്ക് രാത്രിയെ പ്രാപിയ്ക്കണം .
ചന്ദ്രനെ ഗര്ഭം ധരിയ്ക്കണം
സൂര്യനെ പ്രസവിയ്ക്കണം !
പക്ഷെ
ആദ്യം ആരെങ്കിലും എന്നെ കാത്തുകൊണ്ടിരിയ്ക്കുന്ന
ഈ സദാചാര കരിമ്പൂച്ചയെ ഒന്നു ചങ്ങലയ്ക്കിടണം ..!

– നാരായണൻ യു എസ്സ്

Posted in Uncategorized | 1 അഭിപ്രായം

കവിത

ഒരു വീട് പൊളിച്ചു മാറ്റുമ്പോൾ ..!

കവി: നാരായണന്‍ യു. സുബ്രഹ്മണ്യന്‍

ഒരു വീട് പൊളിയ്ക്കൽ എന്നത് ഒരു സംസ്കാരത്തിന്റെ അപനിർമാണം ആണ് .നിർമാണത്തേക്കാൾ സങ്കീർണമായ വൈകാരിക സംഘർഷങ്ങളുടെ ഒരു ഒത്തുതീർപ്പ്‌ !
ഈശാന കോണിൽ കിഴക്കോട്ടു തിരിഞ്ഞു നിൽക്കുന്ന വായാടിയായ മരത്തുടി ബഹളം വെച്ചിട്ടാണെങ്കിലും കരഞ്ഞു കരഞ്ഞ് എത്ര തൊട്ടി വെള്ളം കയറ്റിയിട്ടുണ്ടാവും !
മൂല പൊട്ടിയ അടുപ്പു കല്ലുകളിൽ എത്ര കഞ്ഞി തൂവി പ്പോയിരിയ്ക്കും !
വിയർത്തു നനഞ്ഞ എത്ര പകലുകൾക്ക് അതു ജീവൻ കൊടുത്തിരിയ്ക്കും !
കരിക്കട്ട കൊണ്ടു കോറി വരഞ്ഞ എത്ര ബാല്യ കൌതുകങ്ങൾ കണ്ടിരിയ്ക്കും ഈ മങ്ങിയ കോലായച്ചുമരുകൾ !
എത്ര നിശ്വാസങ്ങളും നോവുകളും ഈ മച്ചുകൾ തടഞ്ഞിരിയ്ക്കും !
തനിയെ പുറപ്പെട്ട് എങ്ങുമെത്താതെ അലിഞ്ഞൊടു ങ്ങിയ എത്ര വാക്കുകൾക്കു ഈ ചുമരുകൾ കാതേകി യിരിയ്ക്കും ?
മുലപ്പാൽ വഴിയുന്ന എത്ര ശൈശവങ്ങളെ പിച്ച നടത്തിയിരിയ്ക്കും ചാണകം മെഴുകിയ ഈ നിലങ്ങൾ !

പകലൊടുക്കങ്ങളിലെ ചുമടിറക്കങ്ങൾ ,!
ഞാറ്റുവേലകളുടെ കേറ്റിറക്കങ്ങൾ !
പട്ടിണി ക്കൂട്ടുള്ള രാവുറക്കങ്ങൾ !
കെട്ടിയടച്ച ഈ ഇടങ്ങൾ കഥകൾ പറഞ്ഞു കൊണ്ടേ യിരിയ്ക്കുകയാണ് !
കോലായയിലെ കാലൊടിഞ്ഞ കസേരയിൽ ഇരുന്നു ചി രിച്ച മുത്തശ്ശൻ !
അറയിലെ ആടി ഞരങ്ങുന്ന കയറു കട്ടിലിൽ കിടന്നു മരിച്ച മുത്തശ്ശി !
അടുക്കള പ്പുകയിൽ ചുമച്ചു നരച്ച അമ്മ !
വലിച്ചു കേറ്റിയ പുക കവർന്നെടുത്ത ശ്വാസത്തിൽ പുളഞ്ഞൊടുങ്ങിയ അച്ഛൻ !
പൊളിച്ചു മാറ്റുന്നത് അവരെയൊക്കെ കൂടിയാണ് !

ഉത്തര പ്പൊത്തിൽ ഒളിച്ചു വെച്ചിരുന്ന പൊടിഡ്ഡപ്പി !
അടുക്കള ക്കൂട്ടിലെ കമഴ്ത്തി വെച്ച മണ്കലം !
കയ്യെത്തും ഉയരത്ത് മണ്ണെണ്ണ വിളക്ക് !
കേടായ കളിപ്പാട്ടം !
തേഞ്ഞ സ്ലേ റ്റ് പെൻസിൽ , പാഠ പുസ്തകം ,ബാഗ്‌ !
ഭാഗ്യ മേതുമില്ലാത്ത ഒരു ഭാഗ്യക്കുറി ടിക്കറ്റ് !

മോഹങ്ങൾ മണ്ണിൽ കുഴച്ചു പടുത്ത ഒരു സ്വപ്നവീട് !

കാരണവരുടെ പഴയ ചിത്രത്തിനു പിന്നിൽ ചിലയ്ക്കുന്ന പല്ലി !
മണ്‍ ചുമരിലെ പഴുതിൽ ചുരുണ്ടിരിയ്ക്കുന്ന വെള്ളിക്കെട്ടൻ !
തറയ്ക്കടിയിൽ തപസ്സിരിയ്ക്കുന്ന ചിതലുറുമ്പുകൾ !

കുടികിടപ്പ് അവകാശമാക്കിയവർ

പൊളിച്ചു മാറ്റപ്പെടുന്നത് ഒരു വീടല്ല !

ഒരമ്മയുടെ ഗർഭപാത്രമാണ് !
ആ പൊക്കിൾക്കൊടി മുറിച്ചുമാറ്റൽ
ചിലർക്ക് അത്ര എളുപ്പമല്ല !

മണ്ണും കല്ലും ഇഷ്ടികയും സിമന്റും കമ്പിയും കൊണ്ട് നമുക്കുണ്ടാക്കാവുന്നതിലും അപ്പുറം ,

ഒരുവീട് എന്തൊക്കെ സ്വയം നിർമിയ്ക്കുന്നു !

കടപ്പാട് : നാരായണന്‍ യു. സുബ്രഹ്മണ്യന്‍

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ